ജമ്മു കശ്മീർ, പഞ്ചാബ് അടക്കം സംസ്ഥാനങ്ങളിൽ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഭാഗത്താണ് ഡ്രോണുകൾ കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. കശ്മീരിലെ ജമ്മു മേഖലയിലുള്ള അതിർത്തിയിൽ അഞ്ച് ഡ്രോൺ നുഴഞ്ഞുകയറ്റങ്ങൾ ഉണ്ടായതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ.
ദില്ലി : പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കുന്നത് നിയന്ത്രിക്കാൻ പാക് സൈനിക മേധാവിക്ക് നിർദ്ദേശം നൽകിയതായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ജമ്മു കശ്മീർ, പഞ്ചാബ് അടക്കം സംസ്ഥാനങ്ങളിൽ, പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഭാഗത്താണ് ഡ്രോണുകൾ കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. ആണവായുധ ശേഷിയുള്ള ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടൽ നടന്നതിന് മാസങ്ങൾക്ക് ശേഷമാണ് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി ലംഘിക്കുന്നത് തുടർച്ചയാകുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കശ്മീരിലെ ജമ്മു മേഖലയിലുള്ള അതിർത്തിയിൽ അഞ്ച് ഡ്രോൺ നുഴഞ്ഞുകയറ്റങ്ങൾ ഉണ്ടായതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്ഥാനിൽ നിന്നുള്ള ഒരു ഡ്രോൺ രണ്ട് പിസ്റ്റളുകൾ, വെടിയുണ്ടകൾ ഒരു ഗ്രനേഡ് എന്നിവ ഇന്ത്യൻ അതിർത്തി കടത്തിയതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവ കണ്ടെടുക്കുകയും ചെയ്തു. പല തവണ ഇന്ത്യൻ സൈന്യം ഡ്രോണുകൾ വെടിവെച്ചിട്ടിട്ടുണ്ട്.
എന്നാൽ ഇന്ത്യ ഉയർത്തുന്നത് അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണെന്നാണ് പാകിസ്ഥാൻ പ്രതികരിച്ചത്. കശ്മീർ ഭാഗത്തേക്ക് ഭീകരവാദികൾക്ക് കടക്കാനായി പാകിസ്ഥാൻ സൌകര്യം ചെയ്ത് നൽകുകയാണെന്ന് ഇന്ത്യ ആരോപിച്ചു.
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ കരുത്തും നിശ്ചയദാർഢ്യവും തെളിയിച്ചു
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ കരുത്തും നിശ്ചയദാർഢ്യവും തെളിയിച്ചതെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന്റെ ആണവ ഭീഷണി തകർത്തുവെന്ന് ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. മൂന്ന് സേനകൾക്കും പൂർണ്ണ സ്വാതന്ത്ര്യം നല്‍കി. മൂന്ന് സേനകളുടെയും സംയുക്ത നീക്കത്തിന് ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും അത് ഭീഷണിക്കും കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിൽ ഭീകരസംഘടനകളുടെ നെറ്റ്വർക്ക് ഏതാണ്ട് തകർക്കാനായെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ സമയത്തെ അധിക സേനാ വിന്യാസം രണ്ട് രാജ്യങ്ങളും പിൻവലിച്ചു. ജാഗ്രത തുടരുകയാണെന്ന് കരസേന മേധാവി അറിയിച്ചു.


