ദില്ലി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അലിഗഡ് സര്‍വ്വകലാശാലയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതിന്  മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കണ്ണന്‍ ഗോപിനാഥിനെ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത് 10 മണിക്കൂറുകള്‍ക്ക് ശേഷം കണ്ണന്‍ ഗോപിനാഥിനെ പൊലീസ് വിട്ടയച്ചു. എന്നാല്‍ തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും അതുകൊണ്ട് ഗുണമുണ്ടായെന്നാണ് അദ്ദേഹം പറയുന്നത്. തന്നെ പിടികൂടാനെത്തിയ ഉത്തര്‍പ്രദേശ് പൊലീസിലെ ചിലര്‍ക്കെങ്കിലും പൗരത്വ ഭേദഗതി നിയമം എന്താണ് എന്ന് മനസിലായിട്ടുണ്ടെന്ന് കണ്ണന്‍ ഗോപിനാഥ് ട്വിറ്ററില്‍ കുറിച്ചു.

'എന്തുതന്നെയായാലും ഉത്തര്‍ പ്രദേശ് പൊലീസിലെ പത്ത്- ഇരുപത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെങ്കിലും എന്താണ് സിഎഎ, എന്‍ആര്‍സി എന്നും, എന്തുകൊണ്ട് അവരും പ്രതിഷേധിക്കണമെന്നും മനസിലായിട്ടുണ്ട്. അതുകൊണ്ട് ഇനി കസ്റ്റഡിയിലെടുക്കാന്‍ വരുമ്പോള്‍ കൂടുതല്‍ സംഘവുമായി വരണം- കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശ് പൊലീസിന്‍റെ ട്വിറ്റര്‍ പേജ് ടാഗ് ചെയ്താണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.

കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച ശേഷം ഉത്തര്‍പ്രദേശിനെ 'ബനാനാ റിപ്പബ്ലിക്' എന്നായിരുന്നു കണ്ണന്‍ ഗോപിനാഥ് പരിഹസിച്ചത്. ജയില്‍ മോചിതനായെന്നും സ്വതന്ത്ര 'ബനാനാ റിപ്പബ്ലിക് ഓഫ് ഉത്തര്‍പ്രദേശി'ന്‍റെ അതിര്‍ത്തിവരെ ഇപ്പോള്‍  അകമ്പടിയുണ്ടെന്നുമാണ് ട്വീറ്റ്. അലിഗഡ് സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥിനെ യാത്രമാധ്യേ ആഗ്രയില്‍ വച്ചാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.