ചണ്ഡീഗഢ്: കഴിഞ്ഞ ദിവസം പഞ്ചാബിലെ ഹോഷിയാർപൂരിൽ, ബിജെപി നേതാവായ ഒരു മുൻമന്ത്രിയുടെ വീടിന് മുന്നിൽ ട്രാക്ടർ നിറയെ ചാണകം തള്ളിക്കൊണ്ട് കർഷകർ എന്ന് സംശയിക്കുന്ന ചിലർ കർഷക സമരത്തോടുള്ള തങ്ങളുടെ അനുഭാവം പ്രകടിപ്പിച്ച സംഭവമുണ്ടായിരുന്നു. സംഭവം നടന്നതിന് പിന്നാലെ, 'പ്രതിഷേധത്തിന്റെ പേരിൽ മറ്റുള്ളവരെ അപമാനിക്കുന്നത് ശരിയല്ല' എന്നുള്ള മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പ്രതികരണവും വരികയുണ്ടായി. എന്നാൽ, ഇങ്ങനെ ചാണകം കൊണ്ടുതള്ളിയ പ്രതിഷേധക്കാർക്കുനേരെ ഇപ്പോൾ എഫ്‌ഐആർ ഇട്ടു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന സംസ്ഥാന പൊലീസ് അവർക്കുമേൽ ചുമത്തിയിട്ടുള്ളത് കൊലപാതകശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പഞ്ചാബ് മുൻ മന്ത്രിയും ബിജെപി നേതാവുമായ തീക്ഷ്ണ സൂദിന്റെ ഹോഷിയാർപൂരിലെ വീട്ടിന് മുന്നിലാണ് ചാണകം തള്ളിയത്. ചാണകം തള്ളുമ്പോൾ ചിലർ കേന്ദ്രസർക്കാരിനെതിരായി മുദ്രാവാക്യം മുഴക്കിയിരുന്നു. ഇങ്ങനെയൊരു സംഭവം നടന്നപാടേ അതിനെതിരെ വളരെ ജാഗ്രതയോടെ പ്രതികരിച്ച പഞ്ചാബ് പൊലീസ്, കൃത്യം അന്വേഷിക്കാൻ വേണ്ടി ഒരു നാലംഗ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചിരുന്നു. ഈ ടീം നടത്തിയ അന്വേഷണത്തിലാണ് ഈ ഗുരുതരമായ വകുപ്പുകൾ ചുമത്താം എന്ന തീരുമാനത്തിൽ പൊലീസ് എത്തുന്നത്. ചാണകം ട്രാക്ടറിൽ കൊണ്ട് തള്ളിയ സംഘം അതേ ട്രാക്ടർ കൊണ്ട് ഇടിച്ച് മന്ത്രിയെ കൊല്ലാൻ ശ്രമിച്ചു എന്ന എന്ന ബിജെപി ജില്ലാ നേതാവ് സുരേന്ദ്ര പാൽ ഭട്ടിയുടെ ദൃക്‌സാക്ഷി മൊഴിയുടെ ബലത്തിലാണ് ഇങ്ങനെ ഒരു കൊലപാതകശ്രമം എന്ന വകുപ്പുകൂടി പ്രതിഷേധക്കാർക്ക് മേൽ ചാർത്തപ്പെട്ടിരിക്കുന്നത്.