ദില്ലി: അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട്  ഇന്ത്യയുടെ അറ്റോര്‍ണി ജനറൽ കെ കെ വേണു​ഗോപാൽ തന്നെ രംഗത്തെത്തിയത് നിയമരംഗത്തും രാഷ്ട്രീയ രംഗത്തും ചര്‍ച്ചയാകുന്നു. അറ്റോര്‍ണി ജനറലിന്‍റെ നിലപാടിൽ കേന്ദ്ര നിയമമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ട് ട്വീറ്റ് കൊണ്ട് തകരുന്നതല്ല സുപ്രീംകോടതിയുടെ പ്രതിഛായയെന്ന് മുൻ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി പ്രതികരിച്ചു. 

സുപ്രീംകോടതിയിലെത്തുന്ന എല്ലാ കോടതി അലക്ഷ്യ കേസുകൾക്കും ആദ്യം അംഗീകാരം നൽകേണ്ടത് അറ്റോര്‍ണി ജനറലാണ്. ആ അറ്റോര്‍ണി ജനറൽ തന്നെയാണ് പ്രശാന്ത്ഭൂഷണിനെ കോടതി അലക്ഷ്യ കേസിൽ ശിക്ഷിക്കുന്നതിനെ ഇന്നലെ എതിര്‍ത്തത്. സുപ്രീംകോടതിയിലെ ജനാധിപത്യമില്ലായ്മയെക്കുറിച്ചും ജഡ്ജിമാര്‍ക്കിടയിലെ അഴിമതിയെ കുറിച്ചും അറ്റോര്‍ണി പരാമര്‍ശിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ റഫാൽ ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉയര്‍ത്തിയ  പ്രശാന്ത്ഭൂഷണിനെ അറ്റോര്‍ണി ജനറൽ ന്യായീകരിച്ചതിന് വലിയ പ്രാധാന്യമാണ് ഉള്ളത്.
ഇക്കാര്യത്തിൽ പ്രതികരിക്കാതെ മാറിനിൽക്കുകയാണ് കേന്ദ്ര നിയമമന്ത്രാലയം.

ജഡ്ജിമാര്‍ സംസാരിക്കേണ്ടത് കോടതി വിധികളിലൂടെയാണെന്നും കോടതി അലക്ഷ്യ കേസുകളിലൂടെ അല്ലെന്നും മുൻ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി പ്രതികരിച്ചു. പ്രശാന്ത് ഭൂഷണിനെതിരെയുള്ള നടപടികൾക്കിടെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക ആരോപണ കേസിൽ സുപ്രീംകോടതി എടുത്ത നിലപാടും ചര്‍ച്ചയാവുകയാണ്. പരാതി അന്വേഷിച്ച ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എ 
ബോബ്ഡേയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയുടെ റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല. അതിനിടെയാണ്  ജഡ്ജി എന്ന നിലയിൽ രഞ്ജൻ ഗൊഗോയി നടത്തിയ അധികാര ദുര്‍വിനിയോഗത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി
തള്ളിയത്. രഞ്ജൻ ഗൊഗോയി വിരമിച്ചതിനാൽ കേസിന് പ്രസക്തിയില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.