Asianet News MalayalamAsianet News Malayalam

ചീഫ് ജസ്റ്റിനെതിരെയുള്ള ലൈംഗിക പീഡന പരാതി: കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് അറ്റോണി ജനറല്‍ രാജിക്കൊരുങ്ങുന്നു

ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിക്കാന്‍ പുറത്ത്നിന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും വേണുഗോപാല്‍ കത്തെഴുതിയിരുന്നു.

Attorney general ready for quit after disagree with center on chief justice case
Author
New Delhi, First Published May 10, 2019, 8:00 PM IST

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയിലെ കേന്ദ്ര നിലപാടില്‍ വിയോജിച്ച് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ രാജിവെക്കുമെന്ന് സൂചന. ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍ ആണ് വേണുഗോപാലിന്‍റെ രാജി വിവരം റിപ്പോര്‍ട്ട് ചെയ്തത്. ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിക്കാന്‍ പുറത്ത്നിന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും വേണുഗോപാല്‍ കത്തെഴുതിയിരുന്നു.

എന്നാല്‍, കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ഇതോടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനും അറ്റോണി ജനറലിനും വിരുദ്ധ അഭിപ്രായമാണെന്ന് വ്യക്തമായി. റിട്ടയര്‍ ചെയ്ത വനിത ജഡ്ജി ഉള്‍പ്പെടുന്ന ആഭ്യന്തര അന്വേഷണ കമ്മീഷന്‍ അന്വേഷിക്കണമെന്നാണ് വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടത്. നിലവിലെ ജഡ്ജിമാരുടെ അന്വേഷണം ഫലപ്രദമാകില്ലെന്നും പുറമെ നിന്നുള്ള അന്വേഷണത്തിന് മാത്രമാണ് സുതാര്യതയും നീതിയും ഉറപ്പുവരുത്താന്‍ സാധിക്കുകയെന്നും വേണുഗോപാല്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വേണുഗോപാലിന്‍റെ നിര്‍ദേശം കേന്ദ്രം തള്ളി.

തുടര്‍ന്ന് താന്‍ വ്യക്തിപരമായിട്ടാണ് കത്ത് അയച്ചതെന്നും സര്‍ക്കാറുമായി കത്തിന് ബന്ധമില്ലെന്നും വേണുഗോപാല്‍ അറിയിച്ചിരുന്നു. ഇത്രയും വിവാദമായ കേസില്‍ സര്‍ക്കാര്‍ നിലപാടുകളുമായി ഒത്തുപോകില്ലെന്ന് വ്യക്തമായതോടെയാണ് വേണുഗോപാല്‍ രാജിക്കൊരുങ്ങുന്നത്.  ഇലക്ട്രല്‍ ബോണ്ട്, റാഫേല്‍ രേഖകള്‍ തുടങ്ങിയ കേസുകളില്‍ വേണുഗോപാലിന്‍റെ നിലപാട് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ആഭ്യന്തര അന്വേഷണത്തിനായി ജഡ്ജി എസ് എ ദോബ്ഡെ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. വനിത ജഡ്ജിമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കി. അന്വേഷണകമ്മീഷന്‍റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യുവതി വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. താന്‍ പരാതിയോടൊപ്പം നല്‍കിയ തെളിവുകള്‍ കമ്മീഷന്‍ പരിഗണിച്ചില്ലെന്ന് യുവതി ആരോപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios