പൂണെ: കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ് ലോക ജനത. നിരവധി സുമനസുകളുടെ വാർത്തകളാണ് ഈ ലോക്ക്ഡൗൺ കാലത്ത് ഓരോദിവസവും പുറത്തുവരുന്നത്. തങ്ങളുടെ സമ്പാദ്യത്തിൽ ഒരു പങ്ക് മറ്റുള്ളവർക്ക് കൊടുത്തും വിവാഹത്തിന് മാറ്റിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയും നിരവധി പേർ രം​ഗത്തെത്തി. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 

വിവാഹത്തിനായി കരുതിവച്ച തുക അതിഥി തൊഴിലാളികളുടെ വിശപ്പകറ്റാൻ ചെലവിട്ടിരിക്കുകയാണ് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ. പൂണെ സ്വദേശിയായ അക്ഷയ് കോത്തവാലെ എന്ന 30കാരനാണ് സ്നേഹവും കരുണയും നിറയുന്ന പ്രവൃത്തിയിലൂടെ മറ്റുള്ളവർക്ക് മാതൃകയാവുന്നത്. വിവാഹത്തിന് കരുതി വച്ചിരുന്ന രണ്ട് ലക്ഷം രൂപയാണ് അക്ഷയ് ഈ സൽപ്രവൃത്തിക്കായി ചെലവഴിച്ചിരിക്കുന്നത്.

മെയ് 25നാണ് അക്ഷയ്‌യുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് പൂണെയിൽ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളുടെ അവസ്ഥ ഈ ഡ്രൈവറുടെ ശ്രദ്ധിയിൽപ്പെടുന്നത്. അവരുടെ അവസ്ഥ കണ്ടപ്പോൾ അദ്ദേഹത്തിന് വിഷമവും വേദനയും തോന്നി. ഇതോടെയാണ് തൊഴിലാളികൾക്ക് ഭക്ഷണം നൽകണമെന്നും അതിനായി വിവാഹത്തിന് സ്വരുക്കൂട്ടിയ പണം ഉപയോഗിക്കാമെന്നും അക്ഷയ് തീരുമാനിച്ചത്.

"ഒരുനേരത്തെ ഭക്ഷണം പോലുമില്ലാതെ, അതിജീവിക്കാൻ പാടുപെടുന്ന നിരവധി ആളുകളെ റോഡുകളിൽ ഞാൻ കണ്ടു. ഞാനും എന്റെ ചില കൂട്ടുകാരും ദൈനംദിന കൂലിപ്പണിക്കാരെയും ആവശ്യമുള്ളവരെയും സഹായിക്കാൻ എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. അതിനായി എന്റെ സമ്പാദ്യം ഉപയോഗിക്കാൻ ഞാൻ തയ്യാറായി. ഒരു താൽകാലിക അടുക്കള ഒരുക്കിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. പിന്നീട് ഓട്ടോറിക്ഷയിൽ കയറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണത്തിന് എത്തിക്കും,’’അക്ഷയ് കോത്തവാലെ പറയുന്നു. 

കയ്യിലെ പണം തീർന്നാലും മറ്റുള്ളവരുടെ സഹായത്തോടെ ഈ പ്രവൃത്തി തുടരാനാണ് അക്ഷയ് ആഗ്രഹിക്കുന്നത്. ഭഷണം നൽകുന്നതിനൊപ്പം മറ്റ് നിരവധി കാരുണ്യ പ്രവൃത്തികളും അക്ഷയ് ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും ആശുപത്രിയിലേക്ക് സൗജന്യ യാത്ര നൽകുന്നതിനൊപ്പം കൊവിഡ് ബോധവത്കരണ പ്രവർത്തനങ്ങളിലും അക്ഷയ്‌ സജീവമാണ്.