2014- ൽ ബി.ജെ.പിക്കൊപ്പം നിന്ന് യു.പിയിലെ എട്ട് മണ്ഡലങ്ങളിൽ കടുത്ത മത്സരത്തിന്‍റെ സൂചനകളാണ് പോളിംഗ് ബൂത്തുകളിൽ കാണാനായത്. ഹേമാലിനി മത്സരിക്കുന്ന മധുരയിലടക്കം വോട്ടര്‍മാരുടെ വലിയ നിര രാവിലെ മുതൽ കാണാമായിരുന്നു.

ദില്ലി: 95 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുരോഗമിക്കുമ്പോള്‍ ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്. അതേസമയം മഹാരാഷ്ട്രയിൽ പോളിംഗ് മന്ദഗതിയിലാണ്. പശ്ചിമബംഗാളിൽ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന്‍റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. ബംഗാളില്‍ പലയിടത്തും സംഘര്‍ഷം തുടരുകയാണ്. 

ആദ്യഘട്ടത്തിലെ പോലെ രണ്ടാംഘട്ട വോട്ടെടുപ്പിലും വലിയ ആക്രമങ്ങളാണ് പശ്ചിമബംഗാളിലുണ്ടായത്. റായ് ഗഞ്ച് മണ്ഡലത്തിൽ സിപിഎം സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് സലീമിന്‍റെ വാഹന വ്യൂഹത്തിന് നേരെ അക്രമി സംഘം വെടിയുതിര്‍ത്തു. തന്നെ വധിക്കാനുള്ള തൃണമൂൽ കോണ്‍ഗ്രസ് ശ്രമമാണ് ഇതെന്ന് മുഹമ്മദ് സലീം ആരോപിച്ചു. റായിഗഞ്ചില്‍ പലയിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തുകള്‍ പിടിച്ചടക്കുന്നതായി ബിജെപി ആരോപിച്ചു. 

പോളിംഗ് പുരോഗമിക്കുന്നതിനിടെ ഡാര്‍ജിലിംഗിൽ ബി.ജെ.പി-തൃണമൂൽ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വ്യാപക അക്രമങ്ങള്‍ക്കിടയിലും ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് ആദ്യമണിക്കൂറുകളിൽ ഉണ്ടായത്. ബീഹാര്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ആദ്യ മണിക്കൂറുകളിൽ പോളിംഗ് ഭേദപ്പെട്ട നിലയിലായിരുന്നു.

2014- ൽ ബി.ജെ.പിക്കൊപ്പം നിന്ന് യു.പിയിലെ എട്ട് മണ്ഡലങ്ങളിൽ കടുത്ത മത്സരത്തിന്‍റെ സൂചനകളാണ് പോളിംഗ് ബൂത്തുകളിൽ കാണാനായത്. ഹേമാലിനി മത്സരിക്കുന്ന മധുരയിലടക്കം വോട്ടര്‍മാരുടെ വലിയ നിര രാവിലെ മുതൽ കാണാമായിരുന്നു. 2014 ൽ കണ്ട ആവേശം മഹാരാഷ്ട്രയിലെ വോട്ട് ശതമാനത്തിൽ രണ്ടാംഘട്ടത്തിലും കാണാനില്ല. 

വോട്ടെടുപ്പ് നടക്കുന്ന 10 മണ്ഡലങ്ങളിൽ ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് വോട്ട് ചെയ്തതവര്‍ 25 മുതൽ 30 ശതമാനം വരോ പേര്‍ മാത്രം. അശോക് ചവാൻ, സുശീൽ കുമാര്‍ ഷിൻഡേ, പ്രീതംമുണ്ഡേ എന്നിവര്‍ ഈ ഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളാണ്. ബീഡ് മണ്ഡലത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത് പലയിടത്തും വോട്ടെടുപ്പ് വൈകിച്ചു. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിലും ലോക്സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഒഢീഷയിലെ മണ്ഡലങ്ങളിലും കനത്ത പോളിംഗാണ്. മുഖ്യമന്ത്രി നവീൻ പട്നയിക് മത്സരിക്കുന്ന രണ്ട് നിയമസഭ സീറ്റിലും ഈ ഘട്ടത്തില്‍ ജനങ്ങൾ വിധിയെഴുതുന്നു.