ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്ലാസ്റ്റിക്, പോളിത്തീന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും രാഷ്ടീയ പാര്‍ട്ടികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. 

രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പരിസ്ഥിതിക്ക് ദോഷകരമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതയെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

 മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബർ 21-നാണ് തെര‍ഞ്ഞെടുപ്പ്. ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണൽ 24-നാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കുക.