യാത്രയിലുടനീളം മൊബൈൽ ഫോണിലൂടെ ഉച്ചത്തിൽ സംസാരിക്കുക, ഫോൺ കോളുകൾ സ്പീക്കർ മോഡിൽ ഇടുക, ഇയർഫോൺ ഇല്ലാതെ വീഡിയോകളും പാട്ടുകളും പ്ലേ ചെയ്യുക എന്നിവ അരുതെന്ന് യാത്രക്കാർക്ക് കർശന മുന്നറിയിപ്പ്

ചെന്നൈ:പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ പതിവ് പരാതിയാണ് യാത്രക്കാരുടെ റീൽ കാണലുകൾ. സർക്കാർ ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട്. യാത്ര കൂടുതൽ സുഖകരവും സമാധാനപരവും ആക്കുന്നതിനായാണ് നീക്കം. യാത്രക്കാർ ഫോണുകൾ സ്പീക്കർ മോഡിൽ ഉപയോഗിക്കുന്നതും ഉച്ചത്തിൽ പാട്ടോ വീഡിയോയോ പ്ലേ ചെയ്യുന്നതും ഒഴിവാക്കണമെന്ന് തമിഴ്‌നാട് ഗതാഗത വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. മറ്റ് യാത്രക്കാർക്ക് ശല്യമുണ്ടാക്കാതിരിക്കാൻ ഇയർഫോണുകളോ ഹെഡ്‌ഫോണുകളോ ഉപയോഗിക്കണമെന്ന് ഗതാഗത വകുപ്പ് സെക്രട്ടറി എൽ. നിർമൽ രാജ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർമാർക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നത്.എം.ടി.സി, എസ്.ഇ.ടി.സി ഉൾപ്പെടെയുള്ള എല്ലാ തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകളിലും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കാനും യാത്രക്കാർക്കിടയിൽ ബോധവൽക്കരണം നടത്താനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

2017ലെ മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസിലെ റൂൾ 5(10) അനുസരിച്ച് ബസിനുള്ളിൽ ഉച്ചത്തിൽ സംഗീതം പ്ലേ ചെയ്യുന്നില്ലെന്ന് ഡ്രൈവർമാർ ഉറപ്പാക്കണം. കൂടാതെ, 1989ലെ തമിഴ്‌നാട് മോട്ടോർ വെഹിക്കിൾസ് റൂൾസിലെ റൂൾ 228 പ്രകാരം സഹയാത്രികർക്ക് ബുദ്ധിമുട്ടോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന ഏത് പ്രവൃത്തിയും തെറ്റായ പെരുമാറ്റമായി കണക്കാക്കുമെന്നും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.യാത്രയിലുടനീളം മൊബൈൽ ഫോണിലൂടെ ഉച്ചത്തിൽ സംസാരിക്കുക, ഫോൺ കോളുകൾ സ്പീക്കർ മോഡിൽ ഇടുക, ഇയർഫോൺ ഇല്ലാതെ വീഡിയോകളും പാട്ടുകളും പ്ലേ ചെയ്യുക എന്നിവ അരുതെന്ന് യാത്രക്കാർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റുള്ളവരെ ശല്യപ്പെടുത്താതിരിക്കാൻ വയർഡ് അല്ലെങ്കിൽ ബ്ലൂടൂത്ത് ഇയർഫോണുകൾ/ഹെഡ്‌ഫോണുകൾ നിർബന്ധമായും ഉപയോഗിക്കണം.

ബോധവൽക്കരണത്തിന്റെ ഭാഗമായി എല്ലാ ബസുകളുടെയും മുൻവാതിൽ, മധ്യഭാഗം, പിൻവാതിൽ എന്നിവിടങ്ങളിൽ സ്റ്റിക്കറുകൾ പതിക്കാൻ ഗതാഗത കോർപ്പറേഷനുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. സ്പീക്കർ മോഡ് ഒഴിവാക്കുക, ഇയർഫോൺ/ഹെഡ്‌ഫോൺ ഉപയോഗിക്കുക, സഹയാത്രികരെ ബഹുമാനിക്കുക, ശബ്ദകോലാഹലമില്ലാത്ത യാത്ര, സുരക്ഷിതമായ യാത്ര എന്നീ സന്ദേശങ്ങളാണ് ഈ സ്റ്റിക്കറുകളിൽ ഉണ്ടാകുക. ഡ്രൈവർമാരും കണ്ടക്ടർമാരും സൂപ്പർവൈസറി ജീവനക്കാരും സർവീസ് സമയത്ത് ഈ നിയമങ്ങൾ പാലിക്കാൻ യാത്രക്കാരോട് നിർദ്ദേശിക്കണമെന്നും സർക്കാർ വ്യക്തമാക്കുന്നു. അടുത്തിടെ ചെന്നൈ മെട്രോയിലും ഹെഡ്‌ഫോണില്ലാതെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന യാത്രക്കാർക്ക് 2500 രൂപ വരെ പിഴ ചുമത്താൻ തീരുമാനിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം