കേന്ദ്ര ഏജൻസികളും പൊലീസും ഏറെക്കാലമായി തിരയുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവാണ് മിസിർ ബെസ്ര. സുരക്ഷാ ഏജൻസികളുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇയാളുടെ പേരുണ്ടായിരുന്നെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും നേരത്തേ ഒരു കോടി രൂപ വരെ ഇനാം പ്രഖ്യാപിച്ചിരുന്നു.

റാഞ്ചി: മുതിർന്ന മാവോയിസ്റ്റ് നേതാവ് മിസിർ ബെസ്ര അറസ്റ്റിൽ. ചൊവ്വാഴ്ച വൈകിട്ട് ജാർഖണ്ഡിലെ ധൻബാദിൽനിന്നാണ് ബെസ്രയെ പിടികൂടിയത്. ഇയാൾക്കൊപ്പം മാവോയിസ്റ്റുകളായ മൊച്ചു, സൗരഭ് എന്ന ​ഗൗരവ് എന്നിവരും പിടിയിലായിട്ടുണ്ട്.

കേന്ദ്ര ഏജൻസികളും പൊലീസും ഏറെക്കാലമായി തിരയുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവാണ് മിസിർ ബെസ്ര. സുരക്ഷാ ഏജൻസികളുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇയാളുടെ പേരുണ്ടായിരുന്നെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും നേരത്തേ ഒരു കോടി രൂപ വരെ ഇനാം പ്രഖ്യാപിച്ചിരുന്നു.

ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, ഛത്തീസ്​ഗഢ് മേഖലകളിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് ബെസ്ര. കൊലപാതകം, സുരക്ഷാസേനയെ ആക്രമിക്കൽ, ബോംബ് സ്ഫോടനം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുള്ളതായും അന്വേഷണ ഏജൻസികൾ പറഞ്ഞു.

ഹർലാദി സ്വദേശിയായ ബെസ്ര കോൽഹാൻ, സാറന്ത, പരസ്നാഥ് മേഖലകളിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഈ മേഖലകളിൽ ഇയാൾക്ക് വലിയ സ്വാധീനമാണുണ്ടായിരുന്നത്. ഇതിനുപുറമേ വിവിധ സംസ്ഥാനങ്ങളിലായുള്ള മാവോയിസ്റ്റ് ശൃംഖലയെയും ഇയാൾ നിയന്ത്രിച്ചിരുന്നു.

ബെസ്രയുടെ അടുത്ത കൂട്ടാളികളിൽ പലരും അടുത്തിടെയായി പിടിയിലാവുകയോ കീഴടങ്ങുകയോ ചെയ്തിരുന്നു. ഇതോടെ ബെസ്രയുടെ സ്വാധീനം കുറഞ്ഞു. തുടർന്നാണ് ഇയാളെ പിടികൂടാനായി മേഖലയിൽ തിരച്ചിൽ ഊർജിതമാക്കിയത്. ബെസ്രയെ ചോദ്യംചെയ്യുന്നതോടെ മാവോയിസ്റ്റുകൾക്കുള്ള സാമ്പത്തിക, ആയുധ സഹായം, ഒളിയിടങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിവരങ്ങൾ ലഭിക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രതീക്ഷ.

കഴിഞ്ഞദിവസം 16 മാവോയിസ്റ്റുകൾ ജാർഖണ്ഡ് പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. 39 ലക്ഷം രൂപ വരെ ഇനാം പ്രഖ്യാപിച്ചിരുന്ന വിവിധ മാവോയിസ്റ്റ് നേതാക്കളാണ് കൂട്ടത്തോടെ കീഴടങ്ങിയത്. ഇതിനുപിന്നാലെയാണ് മുതിർന്ന മാവോയിസ്റ്റ് നേതാവായ ബെസ്രയും പിടിയിലായിരിക്കുന്നത്.