ബെം​ഗളൂരു: കർണാടകത്തിൽ സർക്കാർ രൂപീകരണത്തിന് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം കാത്തിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പ. ദില്ലിയിൽ നിന്നുള്ള നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നും അനുമതി കിട്ടിയാലുടൻ ഗവർണറെ കാണുമെന്നും യെദ്യൂരപ്പ പറഞ്ഞു. ബെം​ഗളൂരുവിൽ ആര്‍എസ്എസ് ആസ്ഥാനത്ത് നേതാക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് നിമിഷവും നിയമസഭാ കക്ഷി യോഗം വിളിക്കാനും രാജ്ഭവനിലേക്ക് പോകാനും സാധിക്കും. അതിനായി കാത്തിരിക്കുകയാണ്. ആര്‍എസ്എസിന്റെ ആശിര്‍വാദം വാങ്ങാനാണ് ആസ്ഥാനത്ത് എത്തിയതെന്നും യെദ്യൂരപ്പ പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ പാര്‍ട്ടി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നിയമസഭാ കക്ഷിയോഗം വിളിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ചതായി മുതിര്‍ന്ന ബിജെപി നേതാവ് ജെസി മധുസ്വാമി പറഞ്ഞു. 

ചർച്ചകൾക്കായി മുൻ ഉപമുഖ്യമന്ത്രി ആർ അശോക ദില്ലിയിലേക്ക് പോയിട്ടുണ്ട്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നഡാ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്താൻ യെദ്യൂരപ്പ നാളെ ദില്ലിയിലേക്ക് തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയതിന് പിന്നാലെ ബുധനാഴ്ച തന്നെ ബിജെപി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കേണ്ടിയിരുന്നതാണ്. എന്നാൽ ദില്ലിയിൽ നിന്ന് നിർദ്ദേശം ലഭിക്കാത്തതിനെ തുടർന്ന് ഗവർണറുമായുളള യെദ്യൂയൂരപ്പയുടെ കൂടിക്കാഴ്ചയും സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കലും വൈകുകയാണ്. ഇന്ന് രാവിലെ ബിജെപി നിയമസഭാ കക്ഷി യോഗം ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.  
 
​ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അനുമതി ലഭിക്കുന്നതോടെ നാലാം തവണയാണ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുക. യെദ്യൂപ്പയുടെ സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ നടന്നേക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്ന സൂചന. നാളെ വൈകിട്ട് 3.28നോ വെളളിയാഴ്ച വൈകിട്ട് നാല് മണിക്കോ ആണ് സത്യപ്രതിജ്ഞ നടക്കാൻ സാധ്യത. അതേസ‌മയം, വിമത എംഎൽഎമാരെ അയോഗ്യരാക്കാനുളള നടപടികൾ സ്പീക്കർ തുടങ്ങി. വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന എംഎൽഎ ശ്രീമന്ത് പാട്ടീലിനെ അയോഗ്യനാക്കാൻ കോൺഗ്രസ് ശുപാർശ നൽകിയിട്ടുണ്ട്.

സർക്കാർ വീണെങ്കിലും ഉപതെരഞ്ഞെടുപ്പ് വരെ സഖ്യം തുടരാനാണ് കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും ധാരണ. തത്കാലം സഖ്യം പുനരാലോചിക്കേണ്ട സാഹചര്യമില്ലെന്നും ഇരുവരും വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം എന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

ചൊവ്വാഴ്ച രാത്രിയാണ് കര്‍ണടാക നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്. പ്രമേയത്തെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 105 പേരും വോട്ട ചെയ്തു. 20 അംഗങ്ങള്‍ സഭാ നടപടികളില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 17 പേരും ബിഎസ്പി അംഗവും, രണ്ടു സ്വതന്ത്രരുമാണ് വിട്ടുനിന്നത്.