Asianet News MalayalamAsianet News Malayalam

അയോധ്യ കേസ്: മധ്യസ്ഥശ്രമങ്ങളെ സുപ്രീം കോടതിയിൽ എതിർത്ത് ഹിന്ദു മഹാസഭ; അനുകൂലിച്ച് മുസ്ലീം സംഘടനകൾ

അയോധ്യയിൽ പണ്ട് നടന്ന കാര്യങ്ങൾ കോടതി നോക്കുന്നില്ലെന്നും ഇപ്പോൾ എന്ത് ചെയ്യാൻ കഴിയുമെന്നാണ് പരിശോധിക്കുന്നതെന്നും സുപ്രീം കോടതി. കേസിലെ വിധി സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ടെന്നും ജസ്റ്റിസ് എസ് എ ബോബ്ഡെ.

Ayodhya case, hindu mahasabha opposes mediation in SC, while muslim organisations extend support
Author
Delhi, First Published Mar 6, 2019, 12:07 PM IST

ദില്ലി: അയോധ്യ ഭൂമിതർക്ക കേസ് പരിഹരിക്കാൻ മധ്യസ്ഥതക്ക് വിടണമോ എന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. മധ്യസ്ഥശ്രമങ്ങളെ എതിർക്കുന്നതായി ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ ഹരിശങ്കർ ജയിൻ കോടതിയെ അറിയിച്ചു. മധ്യസ്ഥശ്രമത്തെപ്പറ്റി പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകാൻ കോടതി നോട്ടീസ് ഇറക്കണമെന്ന് ഹിന്ദു മഹാസഭ കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം മധ്യസ്ഥശ്രമങ്ങളെ അനുകൂലിക്കുന്നുവെന്നും കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാം എന്നാണ് മുസ്ലീം സംഘടനകലുടെ നിലപാട്.

കക്ഷികൾ മധ്യസ്ഥതക്ക് സമ്മതിച്ചാലും ജനം അംഗീകരിക്കണം എന്നില്ല എന്നായയിരുന്നു ഹിന്ദു മഹാസഭയുടെ വാദം. അയോദ്ധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്നും കേവലം സ്വത്ത് തർക്കം അല്ലെന്നും ഹിന്ദു മഹാസഭ വാദിച്ചു. മധ്യസ്ഥ ശ്രമങ്ങൾ തുടങ്ങും മുൻപേ പരാജയപ്പെടുമെന്ന് പറയുകയാണോ എന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിച്ചു. മധ്യസ്ഥത ആവുമ്പോൾ വിട്ടു വീഴ്ച വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എങ്ങിനെ മുറിവുണക്കാം എന്നാണ് കോടതി ആലോചിക്കുന്നതെന്നും കോടതി പറഞ്ഞു. മധ്യസ്ഥചർച്ചയ്ക്ക് മുൻപ് പൊതു ജനങ്ങൾക്ക് നോട്ടീസ് നൽകേണ്ട ആവശ്യം ഇല്ലെന്ന് കോടതി പറഞ്ഞു.

മധ്യസ്ഥചർച്ചക്ക് കക്ഷികളുടെ അനുമതി നിർബന്ധമില്ലെന്ന് മുസ്ലീം സംഘടനകൾക്ക് വേണ്ടി രാജീവ് ധവാൻ വാദിച്ചു. ഇക്കാര്യത്തിൽ കോടതിക്ക് ഉചിതമായി തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. മധ്യസ്ഥചർച്ച മുസ്ലിം സംഘടനകൾക്ക് സമ്മതമാണെന്നും രാജീവ് ധവാൻ കോടതിയെ അറിയിച്ചു. കോടതിക്ക് മധ്യസ്ഥചർച്ചയ്ക്കുള്ള വ്യവസ്ഥകൾ നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഏതു തീരുമാനവും അംഗീകരിക്കാൻ കക്ഷികൾ ബാധ്യസ്ഥരാണെന്നും രാജീവ് ധവാൻ പറഞ്ഞു.

അന്തിമ വിധി വന്നാൽ കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇപ്പോഴേ കഴിയൂ. അതിനാണ് ശ്രമം നടത്തുന്നതെന്നും ജസ്റ്റിസ് ബോബ്‍ഡെ പറഞ്ഞു. കേസിലെ വിധി സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ട്. പണ്ട് നടന്ന കാര്യങ്ങൾ കോടതി നോക്കുന്നില്ലെന്നും ഇപ്പോൾ എന്ത് ചെയ്യാൻ കഴിയുമെന്നാണ് കോടതി പരിശോധിക്കുന്നതെന്നും ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. മധ്യസ്ഥ ചർച്ചകളുടെ രഹസ്യ സ്വഭാവം ഉറപ്പു വരുത്തുമെന്നും കോടതി പറഞ്ഞു.

Follow Us:
Download App:
  • android
  • ios