Asianet News MalayalamAsianet News Malayalam

അയോധ്യ വിധി: പുനഃപരിശോധന ഹര്‍ജികൾ സുപ്രീംകോടതിയിൽ , ഉച്ചക്ക് ശേഷം പരിഗണിക്കും

അയോധ്യ വിധിയിൽ പുനഃപരിശോധന വേണോ എന്ന കാര്യത്തിൽ സുപ്രീംകോടതി തീരുമാനം ഇന്ന് അറിയാം . ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ ചേംബറിൽ ഉച്ചക്ക് ഒന്നര മണിക്ക് ശേഷമാകും ഹര്‍ജി പരിഗണിക്കുക. വിധിയിൽ ഗുരുതരമായ പിഴവ് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദ്ധരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ayodhya case review petition in supreme court
Author
Delhi, First Published Dec 12, 2019, 11:31 AM IST

ദില്ലി: അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉച്ചക്ക് ശേഷമാണ് ഹര്‍ജികൾ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന്‍റെ ചേംബറിൽ കേസ് പരിഗണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

ഇരുപതോളം പുനഃപരിശോധന ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുക. ജംയത്തുൽ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത്, രാജ്യത്തെ 40 അക്കാദമിക വിദഗ്ധർ എന്നിവരുടെ ഹര്‍ജികൾ ഇതിൽ ഉൾപ്പെടുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ ചേംബറിൽ ഉച്ചക്ക് ഒന്നര മണിക്ക് ശേഷമാകും ഹര്‍ജി പരിഗണിക്കുക. അയോധ്യ കേസിലെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദ്ധരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

മുസ്ലീം കക്ഷികൾക്ക് മസ്ജിദ് നിര്‍മ്മിക്കാൻ അഞ്ച് ഏക്കര്‍ ഭൂമി നൽകാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്‍റെ ആവശ്യം. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്ന് അക്കാദമിക വിദഗ്ധരുടെ ഹര്‍ജികളിൽ പറയുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ര‍ഞ്ജൻ ഗൊഗോയ് അധ്യക്ഷനായിരുന്ന ഭരണഘടനാ ബെഞ്ചാണ് അയോധ്യ കേസിൽ വിധി പറഞ്ഞത്. ഭൂരിഭാഗം ഹര്‍ജികളിലും വിധി പുനപരിശോധിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. മതേതര മൂല്യങ്ങൾക്ക് എതിരാണ് വിധിയെന്നും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയിൽ ആക്ഷേപം ഉണ്ട്.

അതേസമയം ഏകകണ്ഠമായ വിധിയാണ് അയോധ്യ കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ  നിന്ന് ഉണ്ടായത് . അതുകൊണ്ടുതന്നെ പുനഃപരിശോധന ആവശ്യത്തിൽ എന്ത് തീരുമാനം സുപ്രീംകോടതിയിൽ നിന്ന് ഉണ്ടാകുമെന്നതും ശ്രദ്ധേയമാണ്. 

Follow Us:
Download App:
  • android
  • ios