Asianet News MalayalamAsianet News Malayalam

'അയോധ്യ വിധി ആരുടെയും ജയപരാജയമല്ല': സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

അയോധ്യ വിധി ആരുടെയും ജയപരാജയം നിർണയിക്കുന്നതല്ലെന്ന് പ്രധാനമന്ത്രി. വിധി രാജ്യത്തിന്‍റെ ഐക്യവും ഒരുമയും നിലനിർത്തുന്നതാണെന്നും നരേന്ദ്ര മോദി.

ayodhya case verdict narendra modi reiterates appeal for peace
Author
Delhi, First Published Nov 8, 2019, 10:58 PM IST

 ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതി നാളെ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ വിധി ആരുടെയും ജയപരാജയം നിർണയിക്കുന്നതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിധി രാജ്യത്തിന്‍റെ ഐക്യവും ഒരുമയും നിലനിർത്തുന്നതാണെന്നും നരേന്ദ്ര മോദി അറിയിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അയോധ്യ കേസില്‍ നാളെ വിധി പറയുക. നാളെ അവധിദിനമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിക്കുകയായിരുന്നു. രാവിലെ പത്തരയ്ക്ക് വിധി പ്രസ്താവിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി ജഡ്ജിമാരുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്.

കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. ഡിജിപിയും ഗവർണറെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ചും സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും ഡിജിപി ഗവര്‍ണറെ അറിയിച്ചു. 

എസ്പിമാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഡിജിപി എസ്പിമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി. സംസ്ഥാനത്തും നവ മാധ്യമങ്ങൾ നിരീക്ഷണ വിധേയമായിരിക്കും. കരുതൽ തടങ്കലുകൾക്കും നിർദ്ദേശമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും പരിശോധന നടത്തും.  

അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി എന്താണെങ്കിലും സമാധാനപരമായി അതിനെ  സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. വിധി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Follow Us:
Download App:
  • android
  • ios