Asianet News MalayalamAsianet News Malayalam

അയോധ്യ: 67 ഏക്കറിനുള്ളില്‍ തന്നെ ഭൂമി അനുവദിക്കണം; ആവശ്യവുമായി മുസ്ലിം നേതാക്കള്‍

ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊള്ളുന്നതിനായി നവംബര്‍ 26ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ മാത്രമേ അന്തിമ തീരുമാനമുണ്ടാകൂവെന്ന് വഖഫ് ബോര്‍ഡ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Ayodhya: five Acre Land for Mosque must be in 67 Acre, Muslim leaders says
Author
Ayodhya, First Published Nov 13, 2019, 5:26 PM IST

അയോധ്യ: അയോധ്യ വിഷയത്തില്‍ നിലപാടുമായി കേസിലെ  കക്ഷിയായ മുസ്ലിം നേതാവ്. സുപ്രീം കോടതി നിര്‍ദേശിച്ച അഞ്ച് ഏക്കര്‍ ഭൂമി ബാബ്‍രി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 67 ഏക്കറില്‍ തന്നെ അനുവദിക്കണമെന്ന് ഇഖ്ബാല്‍ അന്‍സാരിയടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. ബാബ‍്‍രി മസ്ജിദ് പൊളിച്ചതിന് ശേഷം വിവാദമായ 67 ഏക്കര്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ ഭൂമി അനുവദിക്കണം.

ഭൂമി നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞങ്ങളുടെ സൗകര്യം പരിഗണിക്കണം. 67 ഏക്കറിനുള്ളില്‍ ഭൂമി വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അങ്ങനെയെങ്കില്‍ മാത്രമേ ഭൂമി സ്വീകരിക്കൂ. അല്ലെങ്കില്‍ ഭൂമി നിരസിക്കേണ്ടി വരും. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് പള്ളി നിര്‍മിച്ചോളൂ എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിങ്ങള്‍ക്ക് വേണമെങ്കില്‍ അഞ്ച് ഏക്കര്‍ ഭൂമി വാങ്ങാനും പള്ളി നിര്‍മിക്കാനും കഴിയും. അതിന് സര്‍ക്കാറിന്‍റെ സഹായം വേണ്ടെന്ന് മറ്റൊരു നേതാവ് മൗലാന ജലാല്‍ അഷ്റഫ് പറഞ്ഞു. എവിടെ ഭൂമി തരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആരുടെയും സൗജന്യമോ ഔദാര്യമോ ഞങ്ങള്‍ക്ക് വേണ്ടെന്ന് അയോധ്യയിലെ കൗണ്‍സിലര്‍ ഹാജി അസദ് അഹമ്മദ് വ്യക്തമാക്കി. അയോധ്യയിലെ ഭൂമിക്കുവേണ്ടിയാണ് നിയമപോരാട്ടം നടത്തിയത്. അല്ലാതെ മറ്റെവിടെയെങ്കിലും ഭൂമി ലഭിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊള്ളുന്നതിനായി നവംബര്‍ 26ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ മാത്രമേ അന്തിമ തീരുമാനമുണ്ടാകൂവെന്ന് വഖഫ് ബോര്‍ഡ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ക്ഷേത്രം നിര്‍മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ പരിധിയില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കില്ലെന്ന് അയോധ്യ ചെയര്‍പേഴ്സണ്‍ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios