Asianet News MalayalamAsianet News Malayalam

അയോധ്യ കേസ്: വാദം അടുത്ത മാസം 18-ന് തീർക്കണം: അന്ത്യശാസനവുമായി സുപ്രീംകോടതി

മാസങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ അയോധ്യ രാമജന്മ ഭൂമിക്കേസില്‍ നവംബര്‍ 17-ന് വിധിയുണ്ടാകുമെന്നാണ് സൂചന. 

Ayodhya hearing end october 18, verdict will deliver November 17
Author
New Delhi, First Published Sep 27, 2019, 10:33 AM IST

ദില്ലി: അയോധ്യക്കേസില്‍ വാദം ഒക്ടോബര്‍ 18ന് അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി. ഒക്ടോബര്‍ 18നുള്ളില്‍ വാദം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികള്‍ക്കും അന്ത്യശാസനം നല്‍കി. ഒക്ടോബര്‍ 18ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് തലവനായ അഞ്ചംഗ ബെഞ്ച് അറിയിച്ചു. മാസങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ അയോധ്യ രാമജന്മ ഭൂമിക്കേസില്‍ നവംബര്‍ 17ന് വിധിയുണ്ടാകുമെന്നാണ് സൂചന. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന തീയതിയായ നവംബര്‍ 17ന് വിധി പുറപ്പെടുവിക്കാനാണ് സുപ്രീം കോടതി നീക്കം. ചീഫ് ജസ്റ്റിസ് നവംബര്‍ 17ന് വിരമിക്കും. വിധി അന്നായിരിക്കുമെന്ന് ധാരണയായിട്ടുണ്ട്. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി ഒരുമാസത്തിന് ശേഷം വിധി പ്രസ്താവിക്കുന്നത് വാദങ്ങള്‍ പഠിക്കാനും പരിശോധിക്കാനും മതിയായ സമയം ബെഞ്ചിന് ലഭിക്കുമെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ അതുല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമം കൂടി പരിഗണിച്ചായിരിക്കും വിധി. വിധി പുറപ്പെടുവിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 

70 വര്‍ഷം നീണ്ട കേസിനാണ് വിധിയോടെ അന്ത്യമാകുക. വാദം അവസാനിച്ച് കൃത്യം ഒരുമാസത്തിന് ശേഷമായിരിക്കും വിധി. ഓഗസ്റ്റ് ആറുമുതലാണ് സുപ്രീം കോടതി തുടര്‍ച്ചയായി അയോധ്യകേസില്‍ വാദം കേള്‍ക്കുകയാണ്. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് തുടര്‍ച്ചയായി അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുന്നത്.

വിവാദ ഭൂമിയായ 2.77 ഏക്കര്‍ രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. 2017ല്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തലവനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. ദീപക് മിശ്ര വിരമിച്ചതിന് ശേഷം 2018 ഒക്ടോബര്‍ 29 മുതല്‍ പുതിയ ബെഞ്ചിന് മുന്നിലാണ് കേസ്. 

Follow Us:
Download App:
  • android
  • ios