ഒരു മരം എപ്പോൾ വീഴുമെന്ന് ആർക്കും അറിയാനാകില്ലെന്നും മരം വീഴുന്നതും ഇടിമിന്നലുമെല്ലാം മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് അതീതമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മരം വീഴുന്നത് സ്വാഭാവികമാണെന്നും ചിലപ്പോൾ ശക്തമായ കാറ്റടിച്ചാൽ മരം വീഴുമെന്നും മന്ത്രി പറഞ്ഞു.
മുംബൈ: മുംബൈയിൽ സ്കൂൾ ബസിന് മുകളിൽ മരംവീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ വിവാദപരാമർശവുമായി മന്ത്രി. മഹാരാഷ്ട്രയിലെ സാമൂഹികനീതി വകുപ്പ് മന്ത്രി സഞ്ജയ് ഷിർസാത്താണ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചപ്പോൾ വിവാദപരമായ പരാമർശം നടത്തിയത്.
ഒരു മരം എപ്പോൾ വീഴുമെന്ന് ആർക്കും അറിയാനാകില്ലെന്നും മരം വീഴുന്നതും ഇടിമിന്നലുമെല്ലാം മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് അതീതമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മരം വീഴുന്നത് സ്വാഭാവികമാണെന്നും ചിലപ്പോൾ ശക്തമായ കാറ്റടിച്ചാൽ മരം വീഴുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലത്തിന് മുൻപ് ആവശ്യമായ പരിശോധനകൾ നടത്തിയില്ലെന്ന ആരോപണങ്ങളും മന്ത്രി തള്ളി. മഴക്കാലത്തിന് മുൻപ് പരിശോധനകൾ നടത്തിയതായും ഇപ്പോഴും അത് തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ അഗാതമായ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മന്ത്രിയുടെ പ്രസ്താവന തീർത്തും ലജ്ജാകരമാണെന്ന് എൻസിപി(ശരദ് പവാർ) വക്താവ് സ്ലൈഡേ ക്രാസ്റ്റോ പ്രതികരിച്ചു. ഒരു കുട്ടിയുടെ ജീവൻ പൊലിഞ്ഞിട്ടും മന്ത്രി ഇത്തരം പ്രസ്താവന നടത്തുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടാണ് മുംബൈ ചെംബൂരിൽ സ്കൂൾ ബസിന് മുകളിലേക്ക് മരംവീണ് വിദ്യാർഥി മരിച്ചത്. മുംബൈ യൂണിവേഴ്സൽ സ്കൂളിലെ വിദ്യാർഥിയായ വിഹാൻ ശ്രീവാസ്തവി(11)നാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ബസിലുണ്ടായിരുന്ന അഞ്ച് വിദ്യാർഥികൾക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.


