ബുധനാഴ്ച സാകേത് യൂണിവേഴ്‌സിറ്റി ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി പതിനൊന്നരക്ക് ക്ഷേത്ര നഗരിയിലെത്തും. ഒരു മണിക്കൂര്‍ നീണ്ട ഭൂമിപൂജയോടെ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമാകും.

അയോധ്യ: വരുന്ന ലോക്‌സഭ തെര‍ഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ക്രമീകരണങ്ങളാണ് അയോധ്യയില്‍ പുരോഗമിക്കുന്നത്. 161 അടി ഉയരമുള്ള ക്ഷേത്രം നാഗര ശൈലിയിലാകും നിര്‍മ്മിക്കുക. മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന ചടങ്ങായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഭൂമിപൂജയെന്ന് സംഘാടകര്‍ അറിയിച്ചു. രാമക്ഷേത്രം നിര്‍മ്മാണം അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് 2023 പകുതിയോടെ പൂര്‍ത്തിയാക്കും.

നൂറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടം അയോധ്യയില്‍ അവസാനിച്ചത് 2.77 ഏക്കര്‍ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി ഉത്തരവോടെ. വ്യവഹാരത്തിനിടയിലും ക്ഷേത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നുവെന്നതിന് തെളിവാണ് അയോധ്യ കര്‍സേവപുരത്തെ ഈ കാഴ്‌ചകള്‍. ക്ഷേത്രത്തിന് വേണ്ട ഭീമന്‍ തൂണുകളടക്കം നേരത്തെ നിര്‍മ്മിച്ചിരുന്നു.

128 അടി ഉയരമാണ് മുന്‍പ് നിശ്ചയിച്ചിരുന്നതെങ്കില്‍ 161 അടി ഉയരത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാണ് തീരുമാനം. മൂന്ന് ഗോപുരമെന്നത് അഞ്ചാക്കി. 2.77 ഏക്കറടക്കം 67 ഏക്കറിലായിരിക്കും ക്ഷേത്രം യാഥാര്‍ത്ഥ്യമാകുക. 2023 പകുതിയോടെ ക്ഷേത്രം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് നിര്‍മ്മാണ ചുമതലയുള്ള ലാര്‍സണ്‍ ആന്‍റ് ട്യൂബ്രോ കമ്പനിക്ക് നല്‍കിയിരിക്കുന്നത്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്‍ തെരഞ്ഞെടുപ്പുകളിലെ പ്രധാനവാഗ്ദാനം നിറവേറ്റാനാണ് ബിജെപിയുടെ ശ്രമം.

ബുധനാഴ്ച സാകേത് യൂണിവേഴ്‌സിറ്റി ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി പതിനൊന്നരക്ക് ക്ഷേത്ര നഗരിയിലെത്തും. ഒരു മണിക്കൂര്‍ നീണ്ട ഭൂമിപൂജയോടെ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമാകും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 200 പേരെ ചടങ്ങിനുള്ളൂവെങ്കിലും വിവിധ മതനേതാക്കള്‍ക്ക് ക്ഷണമുണ്ട്. ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂക്കി, അയോധ്യകേസിലെ പ്രധാനഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരി തുടങ്ങിയവര്‍ വേദിയിലുണ്ടാകും. 

വഴിനീളെ ഡ്രോണുകള്‍, കൊവിഡ് പോരാളികള്‍; അയോധ്യ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിലെ സുരക്ഷ ഇങ്ങനെ