Asianet News MalayalamAsianet News Malayalam

'വിഗ്രഹത്തിന്‍റെ തൂക്കം 200 കിലോ വരെ'; അയോധ്യയിൽ പ്രതിഷ്ഠക്കുള്ള ഒരുക്കം പൂർത്തിയായി, ചടങ്ങുകൾ നാളെ തുടങ്ങും

 പ്രതിഷ്ഠാ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാഗമാകും. വാരാണസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങുകൾക്ക് നേതൃത്വം നൽകും

Ayodhya Ram temple consecration event, preparations completed, ceremony will begin tomorrow
Author
First Published Jan 15, 2024, 4:45 PM IST

ദില്ലി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 22ന് ഉച്ചയ്ക്ക് 12.20നാണ് വിഗ്രഹ പ്രതിഷ്ഠ നടക്കുകയെന്നും അധികൃതര്‍ അറിയിച്ചു. പ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ നാളെ ആരംഭിക്കും. 120 മുതൽ 200 കിലോ വരെയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്‍റെ തൂക്കമെന്ന് ക്ഷേത്ര  ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാഗമാകും. വാരാണസിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ചടങ്ങുകൾക്ക് നേതൃത്വം നൽകും.

അതേസമയം, ഉത്തരേന്ത്യയിലെ കൂടുതല്‍ കോണ്‍ഗ്രസ് ഘടകങ്ങള്‍ അയോധ്യയിലേക്ക് പോകുമെന്ന് വ്യക്തമാക്കി രംഗത്തെത്തി.  പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കാതെ തുടര്‍ ദിവസങ്ങളിലോ  മുന്‍പോ രാമക്ഷേത്രത്തിലെത്താനാണ് തീരുമാനം. ഉത്തര്‍ പ്രദേശ് ഘടകം വൈകുന്നരത്തോടെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഇതിനിടെ ശങ്കരാചാര്യന്മാരെ വിമര്‍ശിച്ച മഹാരാഷ്ട്ര മന്ത്രി നാരായണ്‍ റാണയെ പുറത്താക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.
അയോധ്യയില്‍ പരമാവധി പരിക്കേല്‍ക്കാതെ നീങ്ങാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. പ്രതിഷ്ഠാ ദിനം ബിജെപി രാഷ്ട്രീയ ചടങ്ങാക്കി മാറ്റിയെന്ന വിമര്‍ശനം ഉന്നയിച്ച് മാറി നില്‍ക്കുമ്പോള്‍  തൊട്ടു കൂടായ്മയില്ലെന്ന് വ്യക്തമാക്കാനാണ് കൂടുതല്‍ സംസ്ഥാന ഘടകങ്ങള‍്‍ അയോധ്യയിലേക്ക് നീങ്ങുന്നത്. 

രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് ഘടകങ്ങളിലെ നേതാക്കള്‍ അയോധ്യയിലെത്തും. വ്യക്തിപരമായ ക്ഷണം സ്വീകരിച്ച് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ഹിമാചല്‍ പ്രേദശിലെ മന്ത്രി വിക്രമാദിത്യ സിംഗ്  വ്യക്തമാക്കിയിരിക്കുന്നത്. പിസിസി അധ്യക്ഷയായ അമ്മ പ്രതിഭ സിംഗും ചടങ്ങില്‍ പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്. മത വിശ്വാസത്തിന്‍റെ പേരില്‍ പോകുന്ന ആരേയും തടയില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. വൈകുന്നരത്തോടെ ആയിരം പേരടങ്ങുന്ന സംഘവുമായി ഉത്തര്‍ പ്രദേശ് പിസിസി അയോധ്യയിലെത്തും. സരയു നദിയില്‍ മുങ്ങി കുളിച്ച് രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്ന് പിസിസി അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉത്തര്‍പ്രദേശ് പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി രാമക്ഷേത്രം സന്ദര്‍ശിക്കണമെന്നും ഉത്തര്‍ പ്രദേശ് പിസിസി ആവശ്യപ്പെടും. അതേ സമയം അയോധ്യയില്‍ ആചാരലംഘനം നടക്കുന്നുവെന്ന് കടുത്ത വിമര്‍ശനമുയര്‍ത്തിയ ശങ്കരാചാര്യന്മാരെ വിമര്‍ശിച്ച മന്ത്രി നാരായണ്‍ റാണെക്കെതിരെ നടപടിയെടുക്കണമെന്നും, ബിജെപി മാപ്പ് പറയണമെന്നും  ശിവസേന ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന് ശങ്കരാചാര്യന്മാര്‍ എന്ത് സംഭാവനയാണ് നല്‍കിയിരിക്കുന്നതെന്നും ചടങ്ങിനെ ആശിര്‍വദിക്കുന്നതിന് പകരം രാഷ്ട്രീയ കണ്ണോടെകാണുകയാണെന്നുമായിരുന്നു നാരായണ്‍ റാണെ തിരിച്ചടിച്ചത്. പ്രതികരിക്കരുതെന്ന് പാര്‍ട്ടി നിര്‍ദ്ദേശം മറികടന്നായിരുന്നു റാണെയുടെ വിമര്‍ശനം.

'അയോധ്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് എന്റെ പ്രസ്താവനയല്ല', ഡിജിപിക്ക് പരാതി നൽകി വി ഡി സതീശൻ

 

Latest Videos
Follow Us:
Download App:
  • android
  • ios