വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കർസേവക് പുരത്താണ് അഭിമുഖം

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തേക്ക് 3000 അപേക്ഷകള്‍ ലഭിച്ചു. റാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിൽ 200 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അഭിമുഖത്തിന് ക്ഷണിച്ചെന്നും ട്രസ്റ്റ് അറിയിച്ചു.

വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കർസേവക് പുരത്താണ് അഭിമുഖം. വൃന്ദാവനത്തിൽ നിന്നുള്ള പ്രഭാഷകന്‍ ജയ്കാന്ത് മിശ്ര, അയോധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവരുടെ പാനലാണ് അഭിമുഖം നടത്തുന്നത്. 20 പേരെ തെരഞ്ഞെടുക്കും.

തെരഞ്ഞെടുക്കപ്പെടുന്നവരെ പൂജാരിമാരായി നിയമിക്കും. ആറ് മാസത്തെ പരിശീലനത്തിന് ശേഷം വിവിധ തസ്തികകളിൽ നിയോഗിക്കും. അഭിമുഖത്തില്‍ തെരഞ്ഞെടുക്കപ്പെടാത്തവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. അവര്‍ക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. ഭാവിയില്‍ ഒഴിവ് വരുമ്പോള്‍ ഇവരെ പരിഗണിക്കും. പരിശീലന വേളയിൽ സൗജന്യ ഭക്ഷണവും താമസവും കൂടാതെ 2000 രൂപ സ്റ്റൈപ്പൻഡായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് സന്ധ്യാ വന്ദൻ, അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്, ആരാധനയ്ക്കുള്ള മന്ത്രങ്ങൾ എന്തൊക്കെയാണ്? ശ്രീരാമനെ ആരാധിക്കുന്നതിനുള്ള മന്ത്രങ്ങൾ എന്തൊക്കെയാണ്? കർമ കാണ്ഡം എന്താണ്? തുടങ്ങിയ ചോദ്യങ്ങളാണ് അഭിമുഖത്തില്‍ ചോദിച്ചത്. 

ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി മോദി, അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ തീയതിയില്‍ തീരുമാനമായി

2024 ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തുക. ചടങ്ങില്‍ പങ്കെടുക്കാനുള്ള ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതോടെയാണ് വിഗ്രഹ പ്രതിഷ്ഠ തിയ്യതിയില്‍ സ്ഥിരീകരണമായത്. രാമക്ഷേത്ര നിർമാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയെ കുറിച്ചും നിർമാണത്തിനായി ലഭിച്ച സംഭാവനകളെക്കുറിച്ചും നേരത്തെ ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര പറഞ്ഞിരുന്നു. 10 രൂപ മുതൽ സംഭാവന നൽകി ശ്രീരാമ ക്ഷേത്രത്തിന്‍റെ പൂര്‍ത്തീകരണത്തിന് കൂടെ നിന്നവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'മനുഷ്യ പ്രയത്നങ്ങൾക്കും എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിനും അപ്പുറം അസാധാരണമായ ചിലതുണ്ട്. ആ ദൈവത്തിന്റെ ഇടപെടൽ ക്ഷേത്രനിർമ്മാണത്തെ വളരെയേറെ സഹായിച്ചു'- എന്നാണ് നൃപേന്ദ്ര മിശ്ര പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം