ഭോപ്പാല്‍: നാല് മാസത്തിനകം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിലെ ജബല്‍പൂരില്‍ കഴിഞ്ഞ ദിവസം ബിജെപി പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് നാല് മാസത്തിനകം രാമക്ഷേത്രമെന്ന വാഗ്ദാനം ആവര്‍ത്തിച്ചത്. നേരത്തെ ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അയോധ്യയില്‍ അംബര ചുംബിയായ രാമക്ഷേത്രം നാല് മാസത്തിനകം നിര്‍മിക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്നവരെ ജയിലിലടക്കുമെന്നും അമിത് ഷാ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറയുന്നത് ക്ഷേത്രം നിര്‍മിക്കരുതെന്നാണ്. നിങ്ങളുടെ ശക്തി ഉപയോഗിച്ച് ആകുന്നത്ര നിങ്ങള്‍ ക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്തോളൂ. പക്ഷേ, നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം അയോധ്യയില്‍ ഉയരുക തന്നെ ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. ചില യുവാക്കള്‍ രാജ്യവിരുദ്ധ മുദ്രാാവാക്യം മുഴക്കുകയാണ്. അവരെ ജയിലില്‍ അടച്ചുകൂടേ..പക്ഷേ രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‍രിവാളും അവരെ രക്ഷിക്കുകയാണ്. രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്നവരെ രക്ഷിക്കാന്‍ രാഹുലിന്‍റെയും കെജ്‍രിവാളിന്‍റെയും ബന്ധുക്കളാണോ എന്നും അമിത് ഷാ ചോദിച്ചു.

സിഎഎ സംബന്ധിച്ച് പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. രാജസ്ഥാനില്‍ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനമെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ റാലിക്കിടെ പ്രതിഷേധിക്കാന്‍ ശ്രമിച്ച എന്‍എസ്‍യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.