അയോധ്യ: രാജ്യത്താകെ കൊവിഡ് 19 ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ പത്തു ലക്ഷം പേര്‍ പങ്കെടുക്കുന്ന മെഗാ രാമനവമി മേള സംഘടിപ്പിക്കുന്നു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴും മെഗാ രാമനവമി ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായില്ല. 

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് മേള സംഘടിപ്പിക്കുന്നത്. വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ മേള ഒഴിവാക്കണമെന്ന് അയോധ്യ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഘനശ്യാം സിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് 19നെ പ്രതിരോധിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും വൈറസ് പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് 50,000 പോസ്റ്ററുകള്‍ പതിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ അനുജ് കുമാര്‍ ഝാ പറഞ്ഞു.  

സിനിമാ തിയേറ്ററുകളും ഷോപ്പിങ് മാളുകളും സ്വിമ്മിങ് പൂളുകളും ജിമ്മുകളും സ്കൂളുകളും അടച്ചുകഴിഞ്ഞെന്നും ചടങ്ങിനെത്തുന്ന ഭക്തര്‍ മാസ്ക് ധരിച്ചാണോ എത്തുന്നതെന്ന് കണ്ടെത്തുന്നത് പ്രയാസകരമാണെന്ന് കൊവിഡ് നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന നോഡല്‍ ഓഫീസര്‍ ഡോ വികാസേന്ദു അഗര്‍വാള്‍ പറഞ്ഞു. വിശ്വാസികളെ തടയാനാകില്ലെന്നും ചടങ്ങിനെത്തുന്നവര്‍ മാസ്ക് ധരിച്ചെത്താന്‍ ആവശ്യപ്പെടുമെന്നും എംഎല്‍എ വേദ് ഗുപ്ത പ്രതികരിച്ചു.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക