ദില്ലി: കൊവിഡിനെതിരെ മരുന്ന് കണ്ടെത്തിയെന്ന പതജ്ഞലിയുടെ വാദത്തോട് പ്രതികരിച്ച് ആയുഷ് മന്ത്രി ശ്രീപദ് നായിക്. കൊവിഡ് രോ​ഗത്തിനെതിരെ മരുന്ന് കണ്ടെത്തിയത് നല്ല കാര്യമാണെന്നും എന്നാൽ ആയുഷ് മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ എന്നുമായിരുന്നു ശ്രീപദ് നായികിന്റെ പ്രതികരണം. യോ​ഗ ​ഗുരു രാംദേവ് കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന അവകാശവാദമുന്നയിക്കുകയും സർക്കാർ ഇതിൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആയുഷ് മന്ത്രാലയത്തിന്റെ മുന്നിലാണ് ആദ്യം വിഷയം എത്തേണ്ടതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. 

'ബാബാ രാംദേവ് കൊവിഡിനെതിരെയുള്ള മരുന്ന് രാജ്യത്തിന് നൽകി എന്നത് വളരെ നല്ല കാര്യമാണ്. എന്നാൻ നിയമാനുസൃതമായി മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ. ആയുഷ് മന്ത്രാലയത്തിന്  മുന്നിലാണ് ഈ വിഷയം ആദ്യമെത്തേണ്ടത്. റിപ്പോർട്ട് അയച്ചിട്ടുണ്ടെന്ന് അവർ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ട് വിശദമായി പഠിച്ചതിന് ശേഷം മാത്രമേ അനുമതി നൽകാൻ സാധിക്കൂ.' ശ്രീപദ് നായിക് വ്യക്തമാക്കി. 

'ആർക്ക് വേണമെങ്കിലും മരുന്ന് കണ്ടെത്താൻ സാധിക്കും. എന്നാൽ മരുന്നുകൾ‌ നിർമ്മിക്കുന്ന പ്രക്രിയ ആയുഷ് മന്ത്രാലം അറിഞ്ഞിരിക്കണം. മരുന്നിന്റെ വിശ്വാസ്യതയ്ക്കും സ്ഥിരീകരണത്തിനുമായി ​ഗവേഷണത്തിന്റെ വിശദാംശങ്ങൾ ആയുഷ് മന്ത്രാലയത്തിന് അയക്കണം. അങ്ങനെയാണ് നിയമം.ഇത് കൂടാതെ ആർക്കും സ്വന്തം ഉത്പന്നങ്ങൾ പരസ്യം ചെയ്യാൻ സാധിക്കില്ല.' മന്ത്രി വിശദീകരിച്ചു. 

ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. 'കൊറോണില്‍ ആന്‍ഡ് സ്വാസരി' എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും ബാബാ രാംദേവ് മാധ്യമങ്ങളോടു പറഞ്ഞു. ഏഴു ദിവസംകൊണ്ട് കോവിഡ് പൂര്‍ണമായും ഭേദമാക്കുന്ന ആയുര്‍വേദമരുന്ന് വികസിപ്പിച്ചെന്നാണ് പതഞ്ജലി അവകാശവാദ മുന്നയിച്ചിരുന്നത്.  545 രൂപ വിലയിട്ടിരിക്കുന്ന കൊറോണ കിറ്റിലാണ് ഈ മരുന്ന് ലഭ്യമാകുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഈ മരുന്ന് ഇന്ത്യ മുഴുവൻ വിറ്റഴിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

മരുന്നിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു, ​ഗവേഷണ ഫലം എന്താണ്, ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ തന്നെ നൽകണമെന്ന് ആയുഷ് മന്ത്രാലയം പതജ്ഞലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പല രാജ്യങ്ങളും ​ഗവേഷകരും കൊവിഡിനെതിരെയുള്ള മരുന്ന് കണ്ടെത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡിന് മരുന്ന് കണ്ടെത്തിയ വിഷയത്തിൽ ലോകത്തിന്നേവരെ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. അതേ സമയം പതജ്ഞലി പുറത്തിറക്കിയിരിക്കുന്ന മരുന്ന് ദില്ലി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ 280 രോ​ഗികളിൽ പരീക്ഷിച്ച് നൂറ്ശതമാനം ഫലം ലഭിച്ചു എന്നാണ് രാംദേവിന്റെ അവകാശവാദം.