ബംഗളുരു: ഭീകരവാദം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് എന്നിവയാണ് ജമ്മു കശ്മീരിലെ ഭൂരിഭാഗം പേരും മുഖ്യ പ്രശ്‌നമായി കാണുന്നതെന്ന് സര്‍വേ. ബംഗളുരു ആസ്ഥാനമായ AZ റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് ഏഷ്യാനെറ്റ് ന്യൂസ്. കോമിനു വേണ്ടി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ജമ്മുവിലെ പത്ത് ജില്ലകളിലും കശ്മീരിലെ പത്ത് ജില്ലകളിലും ലഡാക്കിലെ രണ്ട് ജില്ലകളിലുമായി ആകെ 3200 പേരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ജമ്മു കശ്മീരിലെ ജനങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ ഏതൊക്കെയെന്ന് മനസിലാക്കുകയായിരുന്നു സര്‍വ്വേയുടെ ലക്ഷ്യം. 

ഹിന്ദുക്കളില്‍ 28 ശതമാനം പേരും ഭീകരവാദം പ്രധാന പ്രശ്‌നമായി കാണുന്നു. 21 ശതമാനം പേര്‍ സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് അവസാനം വേണമെന്ന് ആഗ്രഹിക്കുന്നു. മുസ്ലിങ്ങളില്‍ 19 ശതമാനം പേര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് പറയുമ്പോള്‍ 18 ശതമാനം പേര്‍ തൊഴിലില്ലായ്മ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിച്ചതായി സര്‍വേ പറയുന്നു. 

പിഡിപി - ബിജെപി സഖ്യത്തില്‍ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായ കഴിഞ്ഞ സര്‍ക്കാരിനെതിരെ ജനങ്ങളില്‍ കടുത്ത അതൃപ്തിയാണ് ഉള്ളതെന്ന് സര്‍വ്വേ കണ്ടെത്തി. ഗവര്‍ണര്‍ ഭരണം ജമ്മു കശ്മീരിലാകമാനം പോസിറ്റീവായാണ് കാണുന്നതെന്ന് സര്‍വേ പറയുന്നത്. എന്നാല്‍, കാശ്മീരിലും നഗരമേഖലയിലുമുള്ളവര്‍ ഗവര്‍ണര്‍ ഭരണത്തില്‍ അതൃപ്തരാണ്. ജമ്മു, ലഡാക്ക് എന്നിവിടങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഗവര്‍ണര്‍ ഭരണത്തില്‍ തൃപ്തരാണെന്നാണ് സര്‍വേ പറയുന്നത്. 

സര്‍വ്വേയില്‍ പങ്കെടുത്ത 36 ശതമാനം പേര്‍ സംസ്ഥാനത്തെ മികച്ച പാര്‍ട്ടിയായി നാഷണല്‍ കോണ്‍ഫറന്‍സിനെ ചൂണ്ടിക്കാട്ടി. ബിജെപിക്ക് 28 ശതമാനം പേരുടെയും പിഡിപിക്ക് 24 ശതമാനം പേരുടെയും പിന്തുണ ലഭിച്ചപ്പോള്‍, 12 ശതമാനം പേര്‍ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. കശ്മീരിലും മുസ്ലിങ്ങള്‍ക്കിടയിലും പിഡിപിയെക്കാള്‍ കൂടുതല്‍ സ്വീകാര്യത നാഷണല്‍ കോണ്‍ഫറന്‍സിനാണ്. മികച്ച നേതാവാരെന്ന ചോദ്യത്തിന് ബഹുഭൂരിപക്ഷം പേരും ഫാറൂഖ് അബ്ദുള്ളയുടെയും ഒമര്‍ അബ്ദുള്ളയുടെയും പേരാണ് പറഞ്ഞത്. മൂന്നാം സ്ഥാനത്ത് മെഹബൂബ മുഫ്തിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാലാം സ്ഥാനത്തെന്ന് സര്‍വേ പറയുന്നു. 

ഭീകര സംഘടനകളും വിഘടനവാദി നേതാക്കളുമാണ് കാശ്മീരില്‍ തീവ്രവാദം വളര്‍ത്തുന്നതെന്നാണ് ജനങ്ങളില്‍ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഈ സംഘടനകളുമായി പാക്കിസ്ഥാന് പങ്കുണ്ടെന്ന് ചുരുക്കം പേരേ കരുതുന്നുള്ളൂ.  

മോദി സര്‍ക്കാര്‍ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതില്‍ വിജയിച്ചെന്നും ഇല്ലെന്നും 40 ശതമാനത്തോളം പേര്‍ ഒരേപോലെ പറയുന്നു. പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ അക്രമം ഒഴിവാക്കാന്‍ സാധിച്ചില്ലെന്ന് 50 ശതമാനത്തിലേറെ പേര്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം 34 ശതമാനം പേർ ഇതിൽ മോദി സർക്കാർ വിജയിച്ചുവെന്ന് വിശ്വസിക്കുന്നുവെന്നാണ് സർവേ പറയുന്നത്.

കാശ്മീരിലെ വിഘടനവാദികൾ മോദി സർക്കാരിനെ ഭയക്കുന്നുവെന്ന് 40 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായി സര്‍വേയില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച്  നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് കൂടുതല്‍ അറിവുണ്ടെന്നും ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് വ്യക്തമായ ധാരണയില്ലെന്നും സര്‍വ്വേ പറയുന്നു.

ജമ്മു, ലഡാക്ക് മേഖലകളിലുള്ളവർ മോദി പ്രധാനമന്ത്രിയായതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. അതേസമയം കാശ്മീരിലെ ജനങ്ങളും, മുസ്ലിങ്ങളും മോദി പ്രധാനമന്ത്രിയായതിൽ സന്തുഷ്‌ടരല്ല.