നരേന്ദ്രമോദിക്ക് പൊതുതെരഞ്ഞെടുപ്പില്‍ ഇത് നേട്ടമായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ദേശസുരക്ഷയും തീവ്രവാദവും വലിയ പ്രചാരണവിഷയമായി നിലനില്‍ക്കുന്ന ഹിന്ദി ബെല്‍റ്റിലെ പ്രധാന മേഖലകളില്‍ വോട്ടെടുപ്പ് ബാക്കിനില്‍ക്കുമ്പോള്‍.
ദില്ലി: ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് പാതി പിന്നിടുന്ന അവസ്ഥയിലാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു എന്ന വാര്‍ത്ത പുറത്തു വരുന്നത്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ നേരിട്ടുള്ള പിന്തുണയിലും സംരക്ഷണയിലും ഇന്ത്യയെ പതിറ്റാണ്ടുകളായി വേട്ടയാടുന്ന ഭീകരന്‍ മസൂദ് അസഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ തുടക്കമിട്ടത് പത്ത് വര്‍ഷം മുന്‍പാണ്.
ഇന്ത്യയുടെ നിരന്തരമായ നയതന്ത്ര ഇടപെടലുകളുടേയും അന്താരാഷ്ട്ര തലത്തില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിന്‍റേയും ഫലമായി നാല് തവണ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സുരക്ഷാ സമിതിയില്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം ചര്‍ച്ചയ്ക്ക് വന്നെങ്കിലും. എല്ലാ തവണയും തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന അതു പരാജയപ്പെടുത്തിയിരുന്നു. ഉറി-പുല്‍വാമാ ആക്രമണങ്ങള്‍ക്ക് ശേഷവും മസൂദ് അസ്ഹറിനെ സംരക്ഷിക്കുന്ന നയമാണ് ചൈന പിന്തുടര്‍ന്നത്.
എന്നാൽ പുല്‍വാമ ആക്രമണത്തിന് ശേഷം വ്യക്തമായ പദ്ധതി തയ്യാറാക്കി ഇന്ത്യ നടത്തിയ നയതന്ത്രനീക്കങ്ങളാണ് മസൂദിനെ കൈവിടുന്ന അവസ്ഥയിലേക്ക് ചൈനയെ എത്തിച്ചത്. പ്രതിരോധരംഗത്തെ സഹകരണം ശക്തിപ്പെടുത്തുക വഴി അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചെടുത്ത ഇന്ത്യ സൗഹൃദം വിദഗ്ദ്ധമായി ഉപയോഗിച്ചാണ് ചൈനയെ ഒതുക്കിയത്.
രാജ്യത്തിന്‍റെ അഭിമാനവും സംരക്ഷകരുമായ സൈനികരെ നിരന്തരം വേട്ടയാടാന്‍ ശ്രമിക്കുന്ന ജെയ്ഷെ മുഹമ്മദ് എന്ന സംഘടനയും അതിന്‍റെ സ്ഥാപകനായ മസൂര്‍ അസദിന്‍റെ പതനം ഇന്ത്യയുടെ താത്പര്യവും ആവശ്യവുമാണ്.
പുല്‍വാമ ആക്രമണം നടന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായൊരു മുന്നേറ്റമാണ് ഇന്ത്യ ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്. സ്വാഭാവികമായും കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്തിന്‍റെ വിദേശകാര്യനയത്തില്‍ സജീവമായി ഇടപെട്ടു പോരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പൊതുതെരഞ്ഞെടുപ്പില്‍ ഇത് നേട്ടമായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ദേശസുരക്ഷയും തീവ്രവാദവും വലിയ പ്രചാരണവിഷയമായി നിലനില്‍ക്കുന്ന ഹിന്ദി ബെല്‍റ്റിലെ പ്രധാന മേഖലകളില്‍ വോട്ടെടുപ്പ് ബാക്കിനില്‍ക്കുമ്പോള്‍.
മസൂദ് അസ്ഹറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിന് പിന്നാലെ ഇയാളെ പാകിസ്ഥാന്‍ രഹസ്യതാവളത്തിലേക്ക് മാറ്റിയതായി പാകിസ്ഥാനിൽ നിന്നും ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് മസൂദ് അസഹ്റിനെ അദ്ദേഹത്തിന്‍റെ വാസസ്ഥലത്ത് നിന്നും ഇസ്ലാമാബാദിലെ രഹസ്യതാവളത്തിലേക്ക് മാറ്റിയത് എന്നാണ് വിവരം. ജെയ്ഷെ മുഹമ്മദ് മേധാവിയായി മസൂദ്ദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനായി അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളാണ് പ്രത്യേക സുരക്ഷ സമിതിയില്‍ പ്രമേയം കൊണ്ടുവന്നത്. മാര്‍ച്ച് 13-നാണ് ഈ പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
വര്‍ഷങ്ങളായി ഇന്ത്യ നടത്തിവന്ന പ്രയ്തനങ്ങള്‍ ഫലവത്തായിരിക്കുന്നു. അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യക്കൊപ്പം നിന്ന് എല്ലാ രാജ്യങ്ങളോടും നന്ദിയുണ്ട്. ഭീകരതയെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നവര്‍ക്കുളള അംഗീകാരം കൂടിയാണിത് - ഇന്ത്യ കാത്തിരുന്ന തീരുമാനം ലോകത്തെ അറിയിച്ചു കൊണ്ട് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ സ്ഥാനപതി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായുള്ള ഇന്ത്യയുടെ കാത്തിരിപ്പിനാണ് ഇന്നോടെ അവസാനമാവുന്നത്. ആഗോള തലത്തില്‍ ഇന്ത്യന്‍ നയതന്ത്രത്തിന് ലഭിച്ച വന്‍ അംഗീകാരമായി രാഷ്ട്രീയ നിരീക്ഷകര്‍ ഈ തീരുമാനത്തെ കാണുന്നു. ഒപ്പം പാക്കിസ്ഥാന് കനത്ത തിരിച്ചടിയും.
കഴിഞ്ഞ മാര്‍ച്ച് 13 ന് അമേരിക്ക, ഇംഗ്ലണ്ട് ,ഫ്രാന്‍സ് എന്നിവ സംയുക്തമായാണ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. എന്നാല്‍ പതിവ് പോലെ ചൈന ഇതിനെ എതിര്‍ത്തു. ഇതിന് മുന്‍പ് മൂന്ന് തവണ ഇതേ ആവശ്യം ഉന്നയിച്ചുളള പ്രമേയം ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാസാക്കാനായിരുന്നില്ല.
അസ്ഹറിനെതിരെ ശക്തമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു ചൈനയുടെ വാദം. എന്നാല്‍ ലോകരാഷ്ട്രങ്ങള്‍പിന്‍മാറാന്‍ തയ്യാറായില്ല. പുല്‍വാമയടക്കം സമീപകാലത്ത് ഇന്ത്യയില്‍ നടന്ന വിവിധ തീവ്രവാദി ആക്രമണങ്ങളില്‍ മസൂദ് അസ്ഹറിന്‍റേയും ജെയ്ശഷെ മുഹമ്മദിന്‍റേയും പങ്ക് വ്യക്തമായിട്ടും മസൂദ് അസ്ഹറിനെ സംരക്ഷിക്കാന്‍ ശ്രമിച്ച ചൈനക്കെതിരെ ആഗോളതലത്തില്‍വന്‍ പ്രതിഷേധം ഉയര്‍ന്നു.
ചൈന ഇനിയും വഴങ്ങിയില്ലെങ്കില്‍ പ്രമേയം യു എന്‍ രക്ഷാസമതിയില് അവതിരിപ്പിക്കുമെന്ന് ഇംഗ്ലൂണ്ടും അമേരിക്കയും ഫ്രാന്‍സും മുന്നറിയപ്പ് നല്‍കി.
ഇതോടെ ചൈന കൂടുതല്‍ പ്രതിസന്ധിയിലായി. യുന്‍ എന്‍ രക്ഷാസമിതിയില്‍ ചര്‍ച്ച വന്നാല്‍ അസ്ഹറിനെ കുറിച്ചുള്ള നിലപാട് ചൈനക്ക് പരസ്യപ്പെടുത്തേണ്ടി വരും. പ്രത്യേക സമിതിയിലെ ചര്‍ച്ചകള് രഹസ്യസ്വഭാവം ഉള്ളതാണ്. ഇതോടൊപ്പം ,കഴിഞ്ഞയാഴ്ച ഇന്ത്യന്‍ വിദേശാകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൈനയിലെത്തി അസ്ഹറിനെതിരെയുള്ള മുഴുവന്‍ തെളിവുകളും കൈമാറി.
ഇതോടെ ,മസൂദ് അസ്ഹറിനെ അനുകൂലിച്ച് ഇനിയും മുന്നോട്ട് പോയാല്‍രാജ്യന്തര തലത്തില്‍ ഒറ്റപ്പെടുമെന്ന് ചൈനക്ക് ബോധ്യമായി . തുടര്‍ന്ന് വിഷയം രക്ഷാ സമിതിക്ക് വിടേണ്ടെന്നും പ്രത്യേക സമിതിയില്‍ തന്നെ ചര്‍ച്ച ചെയ്താല്‍ മതിയെന്നും ചൈന നിലപാടെടുത്തു. ഇതോടെ സമിതി യോഗം ഇന്ന് ചേരുകയും അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന തീരുമാനം എടുക്കുകയുമായിരുന്നു.
ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തികളുടെ തുടർപ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗനിർദേശം ഐക്യരാഷ്ട്രസഭ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം വ്യക്തികളുടെ പേരിലുള്ള മുഴുവൻ സ്വത്ത് വകകളും മരവിപ്പിക്കണം. ഇയാളുടെ ഉടമസ്ഥതയിലുള്ള വസ്തുകളും സ്വത്തുകളും കൈമാറ്റം ചെയ്യാനോ ഏറ്റെടുക്കാനോ സംരക്ഷിക്കാനോ ആരേയും അനുവദിക്കരുത്. രാജ്യത്തിന് പുറത്തോ അകത്തോ ഇയാൾക്ക് ആയുധക്കച്ചവടം നടത്താൻ അനുവാദമില്ല. ഇയാൾക്ക് ഒരു തരത്തിലുള്ള സൈനിക-സാമ്പത്തിക സഹായവും സർക്കാരുകളിൽ നിന്നോ വ്യക്തികളിൽ നിന്നോ നൽകാൻ പാടില്ല. ഇത്തരം വ്യക്തികൾക്ക് ഇയാളുടെ രാജ്യം യാത്രാവിലക്ക് ഏർപ്പെടുത്തണം. ഭീകരനെ സ്വന്തം രാജ്യത്ത് പ്രവേശിപ്പിക്കാതെ അംഗരാജ്യങ്ങളും ശ്രദ്ധിക്കണം. ഇയാളുടെ പാസ്പോർട്ടും വിസാ വിവരങ്ങളും കരിമ്പട്ടികയിൽപ്പെടുത്തണം. ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പക്ഷം പ്രസ്തുത രാജ്യത്തിനും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നും ഐക്യരാഷ്ട്രസഭ വ്യവസ്ഥ ചെയ്യുന്നുണ്ട്.
