ധർമ്മശാല: ഭക്തർ നേർച്ചയായി നൽകിയ ആടുകളെ ലേലത്തിൽ വിറ്റതിലൂടെ ചിമാചൽ പ്രദേശിലുള്ള ക്ഷേത്രത്തിന് ലഭിച്ചത് 1,32,15400 രൂപ. ഹാമിർപുർ ജില്ലയിലെ ദിയോദിധ് പ്രദേശത്തുള്ള ബാബ ബാലക്നാഥ് ക്ഷേത്രത്തിലാണ് ആടുകളെ ലേലം ചെയ്തതിലൂടെ വൻ തുക ലഭിച്ചത്. 6,371 ആടുകളെയാണ് ലേലത്തിൽ വച്ചതെന്ന് ക്ഷേത്ര ഓഫീസർ ഒ പി ലഖൻപാൽ പറഞ്ഞു.

ക്ഷേത്രത്തിൽ ഭക്തർ നേർച്ചയായി നൽകുന്ന ആ​ടുകളെ ആഴ്ചയിൽ രണ്ടുദിവസം ലേലത്തിൽ വയ്ക്കാറുണ്ട്. 2018നെ അപേക്ഷിച്ച് ഈ വർഷമാണ് ലേലത്തിൽ കൂടുതൽ തുക ലഭിച്ചത്. 5,825 ആടുകളെ ലേലത്തിൽ വച്ചപ്പോൾ കഴിഞ്ഞ വർഷം 1,19,52,700 രൂപയാണ് ലഭിച്ചതെന്നും ഒ പി ലഖൻപാൽ വ്യക്തമാക്കി.

ക്ഷേത്രത്തിൽ മൃഗങ്ങളെ ബലി നൽകുന്ന പാരമ്പര്യമില്ലെന്നും പക്ഷെ ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി ഭക്തർ ആടുകളെ നേർ‌ച്ചയായി നൽകാറുണ്ടെന്നും ക്ഷേത്രം ഭാരവാ​ഹികൾ പറഞ്ഞു. പ്രശസ്ത സന്യാസിയായ ബാബ ബാലക്നാഥിന്റെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രമാണിത്. വർഷങ്ങളായി ദിയോദിധിലുള്ള ആൽമരച്ചുവട്ടിൽ‌ തപസിരുന്ന സന്യാസിയാണ് ബാബ ബാലക്നാഥ്.