ഉത്സവ സീസണുകളിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തുന്നതിനെതിരെയുള്ള ആശങ്കകളോടാണ് മന്ത്രിയുടെ പ്രതികരണം

ദില്ലി: വിമാന ടിക്കറ്റ് നിരക്കുകൾക്ക് വർഷം മുഴുവൻ പരിധി ഏർപ്പെടുത്താനാവില്ലെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു. വെള്ളിയാഴ്ച ലോക്സഭയിലാണ് വ്യോമയാനമന്ത്രി ഇക്കാര്യം വിശദമാക്കിയത്. വിവിധ സീസൺ അനുസരിച്ച് ടിക്കറ്റ് നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട്. ഇതിനാൽ വർഷം മുഴുവൻ നിരക്കിന് പരിധി ഏർപ്പെടുത്താനാവില്ലെന്നാണ് മന്ത്രി വിശദമാക്കുന്നത്. നിരക്കിലെ മാറ്റം സീസണുകളെ അടിസ്ഥാനമാക്കിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യോമയാന മേഖല വികസിതമാകാൻ വേണ്ടിയാണ് നിരക്കിൽ നിയന്ത്രണം കൊണ്ടുവരാത്തത്. നിയന്ത്രണങ്ങളില്ലാത്ത രാജ്യങ്ങളിൽ വ്യോമയാന മേഖല മുന്നിട്ട് നിൽക്കുന്നുവെന്നും കേന്ദ്ര മന്ത്രി വിശദമാക്കി. നിരക്ക് വർധിക്കുന്നത് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനുള്ള വഴിയാണെന്നും വ്യോമയാന മന്ത്രി സഭയിൽ വിശദമാക്കിയത്. ഉത്സവ സീസണുകളിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തുന്നതിനെതിരെയുള്ള ആശങ്കകളോടാണ് മന്ത്രിയുടെ പ്രതികരണം. എന്നാൽ ടിക്കറ്റ് നിരക്കുകൾ ന്യായമായ പരിധിക്കുള്ളിൽ നിർത്താൻ സർക്കാർ ഇടപെടുന്നുണ്ടെന്നും കെ. രാംമോഹൻ നായിഡു പറഞ്ഞു.

സീസണിലെ വർദ്ധനവ് തിരക്ക് നിയന്ത്രിക്കാനെന്നും മന്ത്രി

ഇൻഡിഗോയ്ക്ക് ഉണ്ടായ പ്രവർത്തന തടസ്സങ്ങളെത്തുടർന്ന് രാജ്യത്തെ വിമാനടിക്കറ്റ് നിരക്കിൽ നിർബന്ധിത ഇളവ് വരുത്തേണ്ടിവന്ന പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രിയുടെ പ്രതികരണം. കൊവിഡ് മഹാമാരി സമയത്തും മഹാകുംഭ മേള, പഹൽഗാം ഭീകരാക്രമണം അടക്കമുണ്ടായ സമയത്തും അസാധാരണമായ തിരക്ക് നേരിട്ട സമയത്ത് സർക്കാർ ഇടപെട്ടിരുന്നതായും വ്യോമയാനമന്ത്രി സഭയെ അറിയിച്ചു. ഇതിന് പുറമേ ഫെയർ സേ ഫുർസത് പദ്ധതിയിൽ യാത്രക്കാർക്ക് 25 റൂട്ടുകളിൽ നിശ്ചിത നിരക്കിന് യാത്ര ചെയ്യാമെന്നും മന്ത്രി വിശദമാക്കി. ദക്ഷിണേന്ത്യയിലേക്കും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഇത്തരം സർവീസുകളുണ്ടെന്നും മന്ത്രി ഓർമ്മപ്പെടുത്തി. മറ്റ് രാജ്യങ്ങളിലെ നിരക്ക് വർദ്ധനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ നിരക്ക് വർദ്ധന നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം