യെച്ചൂരി മുഴുവൻ ഹിന്ദു സമൂഹത്തോടും ക്ഷമ ചോദിക്കണം. ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതത്തെയും രാമായണത്തെയും മാത്രമല്ല യെച്ചൂരി അപമാനിച്ചത്- ബാബാ രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.
ലഖ്നൗ: രാമയാണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്ന പരാമര്‍ശം നടത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ പരാതിയുമായി ബാബാ രാംദേവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാംദേവും മറ്റു ചില സന്ന്യാസിമാരും ചേർന്ന് പൊലീസില്‍ പരാതി നല്‍കി.
സീതാറാം യെച്ചൂരി മുഴുവൻ ഹിന്ദു സമൂഹത്തോടും ക്ഷമ ചോദിക്കണം. ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതത്തെയും രാമായണത്തെയും മാത്രമല്ല യെച്ചൂരി അപമാനിച്ചത്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള വേദകാല സംസ്കാരത്തെ, ഇന്ത്യൻ പാരമ്പര്യത്തെ, സംസ്കാരത്തെയാണ് അദ്ദേഹം അപമാനിച്ചതെന്നും ഹരിദ്വാര്‍ എസ് എസ് പിയ്ക്കു പരാതി സമർപ്പിച്ച ശേഷം രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദുക്കള്‍ അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്ന ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗിന്റെ വാദത്തിന് സീതാറാം യെച്ചൂരി നല്‍കിയ മറുപടിയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. രാമയാണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
'നിരവധി രാജാക്കൻമാര്‍ യുദ്ധം നടത്തിയിട്ടുണ്ട് , ഹിന്ദുക്കള്‍ക്ക് അക്രമം നടത്താനാവില്ലെന്ന രാമയാണവും മഹാഭാരതവും വായിച്ച ശേഷവും ആര്‍എസ്എസ് പ്രചാരകര്‍ പറയുന്നു. അക്രമം അഴിച്ചു വിടുന്ന മതങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ അങ്ങനെ അല്ലെന്നും പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്'' എന്ന് യെച്ചൂരി ചോദിച്ചിരുന്നു.
ഹിന്ദുത്വ ആശയത്തിന്‍റെ പേരിലാണ് എല്ലാ സ്വകാര്യസേനയും രൂപീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ ബിജെപി ഹിന്ദുത്വ അജണ്ടയിലേയ്ക്ക് മാറി. പ്രഗ്യാ സിംഗ് താക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയതും ഹിന്ദുത്വ വികാരം ഉണര്‍ത്താനാണെന്നും യെച്ചൂരി വിമര്‍ശിച്ചു.
ഇതിനെതിരെ ബിജെപിയും ശിവസേനയും രംഗത്തെത്തിയിരുന്നു. സീതാറാം എന്ന പേര് മര്‍ലേനി എന്നാക്കണമെന്നായിരുന്നു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം. പേരിൽ നിന്ന് സീതാറാം മാറ്റണെന്നാവശ്യപ്പെട്ട ശിവേസന, എല്ലായ്പ്പോഴും ഹിന്ദുക്കളെ ആക്രമിക്കുന്നതാണ് യെച്ചൂരിയുടെ പ്രത്യയശാസ്ത്രമെന്നും അദ്ദേഹം വിമര്‍ശിച്ചു.
