ദില്ലി:  പതഞ്ജലിയുടെ വില്‍പ്പന കുറയുന്നതായുള്ള റിപ്പോര്‍ട്ടുകളെ തള്ളി യോഗാ ഗുരു ബാബാ രാംദേവ്. പതഞ്ജലിക്കെതിരായ വാര്‍ത്തകള്‍ വ്യാജമാണെന്നും ഇന്ത്യയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സന്യാസിയാണ് താന്‍ എന്നും ബാബാ രാംദേവ് പറഞ്ഞു. പതഞ്ജലി ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല. ഇന്ത്യയെ ശക്തിപ്പെടുത്തുകയാണ്  ലക്ഷ്യമെന്നും കമ്പനിയുടെ വരുമാനം  ഇന്ത്യയ്ക്ക് വേണ്ടി തന്നെയാണെന്നും അദ്ദേഹം വിശദമാക്കി.  

പതഞ്ജലി ബ്രാന്‍ഡിന് കീഴിലുള്ള ഉത്പന്നങ്ങളുടെ വില്‍പ്പന കുറയുകയാണെന്ന റിപ്പോര്‍ട്ടുകളെ തള്ളിയ ബാബാ രാംദേവ് പതഞ്ജലിയുടെ വരുമാനം   8,000 കോടിയോട് അടുക്കുകയാണെന്നും മറ്റ് കമ്പനികള്‍ കൂടി തുടങ്ങുന്നതോടെ വരുമാനം ഇനിയും വര്‍ധിക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു. ചില കമ്പനികള്‍ പതഞ്ജലിയെ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും എല്ലാവരുടെയും അനുഗ്രഹത്തോടെ പതഞ്ജലിയുടെ കുതിപ്പ് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതഞ്ജലിയുടെ വരുമാനം 10 ശതമാനമായി കുറഞ്ഞ് 81,00 കോടിയിലേക്ക് എത്തിയെന്ന റിപ്പോര്‍ട്ടുകളെയാണ് ബാബാ രാംദേവ് തിരസ്കരിച്ചത്. പത‍ഞ്ജലിയുടെ വാര്‍ഷിക വരുമാന കണക്കുകള്‍ വിലയിരുത്തി റോയിട്ടേഴ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് ബാബാ ഗാംദേവ് പറഞ്ഞു.