ദില്ലി: പേരു മാറ്റണമെന്നാവശ്യപ്പെട്ട് ദില്ലി ബാബര്‍ റോഡിന്‍റെ സൈന്‍ ബോര്‍ഡിന് ഹിന്ദുസേന പ്രവര്‍ത്തകര്‍ കറുത്ത പെയിന്‍റ് അടിച്ചു. ശനിയാഴ്ചയാണ് സംഭവം. സെന്‍ട്രല്‍ ദില്ലിയിലെ ബംഗാളി മാര്‍ക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന റോഡാണ് ബാബര്‍ റോഡ്.

റോഡിന് ഏതെങ്കിലും മഹത് വ്യക്തിയുടെ പേര് നല്‍കണമെന്നാണ് ഹിന്ദുസേന പ്രവര്‍ത്തകരുടെ ആവശ്യം. മുഗള്‍ ചക്രവര്‍ത്തിയുടെ സ്മരണാര്‍ത്ഥമാണ് ബാബര്‍ റോഡിന് ആ പേര് നല്‍കിയത്. വിദേശിയായ കടന്നുകയറ്റക്കാരന്‍റെ പേര് നല്‍കിയ റോഡ് പുനര്‍നാമകരണം ചെയ്യണമെന്നാണ് ആവശ്യമെന്നും അതുകൊണ്ടാണ് ദില്ലി മുന്‍സിപ്പല്‍ കൗണ്‍സില്‍ സ്ഥാപിച്ച സൈന്‍ ബോര്‍ഡില്‍ കറുത്ത പെയിന്‍റ് അടിച്ചതെന്ന് ഹിന്ദുസേന പ്രസിഡന്‍റ് വിഷ്ണു ഗുപ്ത പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.