ദില്ലി: അയോധ്യ വിധിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് ബാബറി മസ്‍ജിദ് ആക്ഷന്‍ കമ്മിറ്റി.  സുപ്രീംകോടതി അവധി കഴിഞ്ഞാലുടന്‍  ഹര്‍ജി നല്‍കും. ലഖ്നൗവില്‍  ചേര്‍ന്ന യോഗത്തിന്‍റേതാണ് തീരുമാനം. 

അഞ്ചംഗ ബഞ്ചിന്‍റെ വിധിക്കെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ചേംബറാണ് 18 ഹര്‍ജികള്‍ തള്ളിയത്. ഹര്‍ജിയില്‍ പുതിയ നിയമവശങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. 

വിധി പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ഭൂരിഭാഗം ഹര്‍ജികളിലും ഉന്നയിച്ചിരുന്നത്. മതേതര മൂല്യങ്ങൾക്ക് എതിരാണ് വിധിയെന്നും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയിൽ ആക്ഷേപമുണ്ടായിരുന്നു. 

Read Also: അയോധ്യ വിധിയില്‍ പുനഃപരിശോധനയില്ല; 18 ഹർജികളും സുപ്രീംകോടതി തള്ളി

നവംബര്‍ ഒമ്പതിനാണ് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് അയോധ്യ കേസില്‍ ചരിത്ര വിധി പുറപ്പെടുവിച്ചത്. തര്‍ക്ക ഭൂമിയായ 2.77 ഏക്കറില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നും അയോധ്യയില്‍ തന്നെ പള്ളി നിര്‍മിക്കുന്നതിനായി മുസ്ലീങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കണമെന്നുമായിരുന്നു വിധി.