ഗുരുതരമായി രോ​ഗം ബാധിച്ച കു‍ഞ്ഞിനെ ​ഗോമതി ജില്ലയിലെ ഉദയ്പൂരിൽ നിന്നും ദലൈ ജില്ലയിലെ അംബാസ്സായിലെക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു.


ത്രിപുര: പൗരത്വ ഭേദ​ഗതി ബില്ലിനെച്ചൊല്ലി സംഘടിപ്പിച്ച ബന്ദിൽ ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. ബിസ്രാം​ഗഞ്ചിൽ ബന്ദ് അനുകൂലികൾ റോഡ് ഉപരോധിച്ചതിനെ തുടർന്ന വാഹനത്തിന് കടന്നു പോകാൻ സാധിച്ചില്ല. പതിനൊന്ന് മണിക്കൂർ ബന്ദാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം വ്യാപക അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ത്രിപുരയിലെ മൂന്ന് സ്ഥലങ്ങളിൽ‌ നടന്ന ഏറ്റുമുട്ടലുകളിൽ നാൽപതോളം പേർക്ക് പരിക്കേറ്റു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ത്രിപുരയിൽ രണ്ട് ​ദിവസത്തേയ്ക്ക് മൊബൈൽ, ഇന്റർനെറ്റ്, സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. സെപാജല ജില്ലയിലെ ബിസ്രാം​ഗഞ്ചിൽ നടന്ന സംഘർഷത്തിൽ പൊലീസിന് നാല് തവണ ആകാശത്തേയ്ക്ക് നിറയൊഴിക്കേണ്ടി വന്നു. പതിനഞ്ച് പേർക്ക് പരിക്കറ്റിട്ടുണ്ട്. ​ഗുരുതരമായി രോ​ഗം ബാധിച്ച കു‍ഞ്ഞിനെ ​ഗോമതി ജില്ലയിലെ ഉദയ്പൂരിൽ നിന്നും ദലൈ ജില്ലയിലെ അംബാസ്സായിലെക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു. ഈ സമയത്ത് ബന്ദ് അനുകൂലികൾ റോഡ് ഉപരോധിക്കുകയും ആംബുലൻസിന് കടന്ന് പോകാൻ സാധിക്കാതെ വരികയും ചെയ്തത്. 

വടക്കൻ ത്രിപുരയിലെ ആനന്ദബസാറിലെ ആദിവാസി ​ഗ്രാമത്തിൽ ബന്ദ് അനുകൂലികൾ അക്രമം നടത്തിയതായി റിപ്പോർട്ടുണ്ട്. ​ഗ്രാമീണർ അവിടുത്തെ പൊലീസ് സ്റ്റേഷനിലാണ് അഭയം തേടിയെത്തിയത്. ​ഗോത്ര-​ഗോത്രേതര വിഭാ​ഗങ്ങൾ തമ്മിൽ പലയിടത്തുമുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ത്രിപുരയിൽ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്.