ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപിയെ പൗരത്വ ഭേദഗതി നിയമം വെളിച്ചെത്ത് കൊണ്ടുവന്നെന്നും ആര്‍ജെഡി നേതാവ് തേജ്വസി യാദവ് പറഞ്ഞു.

പാറ്റ്ന: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നാളെ ബിഹാറില്‍ ആര്‍ജെഡി ബന്ദ് നടത്തും. ഇടതുപാർട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ്. ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപിയെ പൗരത്വ ഭേദഗതി നിയമം വെളിച്ചെത്ത് കൊണ്ടുവന്നെന്നും ആര്‍ജെഡി നേതാവ് തേജ്വസി യാദവ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്‍റ് പാസാക്കിയതോടെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ കനക്കുകയാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‍ഗാനിസ്ഥാന്‍ തുടങ്ങിയ മൂന്ന് രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ മുസ്ലീങ്ങള്‍ ഒഴികെയുള്ള ആറ് മറ്റ് മതസ്ഥര്‍ക്ക് പൗരത്വം ലഭിക്കുന്നതാണ് പുതിയ നിയമഭേദഗതി. 

രാജ്യത്തെ വിവിധ ഭാഗങ്ങളിലായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധങ്ങള്‍ നടന്ന മംഗലാപുരത്തും ഉത്തര്‍പ്രദേശിലും പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭം കനക്കുന്ന സാഹചര്യത്തില്‍ ഉത്തർപ്രദേശിൽ കൂടുതൽ സ്ഥലങ്ങളിൽ ഇന്‍റർനെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഉത്തർപ്രദേശിൽ ലക്നൗ, ആഗ്ര, പ്രയാഗ് രാജ് ഉൾപ്പെടെ 11 നഗരങ്ങളിലാണ് ഇന്‍റര്‍നെറ്റ് നിയന്ത്രണം. ലഖ്‍നൗവില്‍ നാളെ വരെ ഇന്‍റര്‍നെറ്റ് നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മധ്യപ്രദേശിൽ 44 ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.