ദില്ലി: അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രിയും ബിജെപിയുടെ വനിതാ നേതാവുമായിരുന്ന സുഷമ സ്വരാജ് അവസാനമായി സംസാരിച്ച വ്യക്തികളിലൊരാളായിരുന്നു അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ യാദവിന് വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചതിന് ഫീസ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സുഷമ സാല്‍വെയെ വിളിച്ചത്.

കുല്‍ഭൂഷന് വേണ്ടി വാദിച്ചതിന് ഒരു രൂപ നാണയം വക്കീല്‍ ഫീസായി നല്‍കുമെന്നായിരുന്നു സുഷമ ഫോണിലൂടെ അറിയിച്ചത്. ഫീസ് സ്വീകരിക്കുന്നതിനായി തന്‍റെയടുക്കലേക്ക് വരാന്‍ സുഷമ ക്ഷണിക്കുകയും ചെയ്തു. വളരെ വികാരാധീനയായിട്ടായിരുന്നു സുഷമയുടെ ക്ഷണം. സുഷമയുടെ ക്ഷണം സാല്‍വെ സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, ആഗ്രഹം സഫലമാകും മുമ്പേ സുഷമ ലോകത്തോട് വിട പറഞ്ഞു.

ഒടുവില്‍ സുഷമ സ്വരാജിന്‍റെ അന്ത്യാഭിലാഷം നിറവേറ്റിയിരിക്കുകയാണ് മകള്‍ ബാന്‍സുരി. തന്‍റെ അമ്മ നല്‍കാനിരുന്ന വക്കീല്‍ ഫീസ് ഒരു രൂപ നാണയം ബാന്‍സുരി സാല്‍വെക്ക് കൈമാറി. ഹൃദയ സ്പര്‍ശിയായ സംഭവത്തെക്കുറിച്ച് ഭര്‍ത്താവ് സ്വരാജ് കൗശല്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.