ദില്ലി: കേരളമുള്‍പ്പടെ നാല് സംസ്ഥാനങ്ങളില്‍ വവ്വാലുകളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളം, ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ സാധാരണമായി കണ്ടുവരുന്ന റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

കേരളം, കർണാടകം, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ഹിമാചൽപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും 2018-19 വർഷങ്ങളിൽ ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്.  തൊണ്ടയിൽനിന്നും മലാശയത്തിൽനിന്നുമാണ് സാംപിളുകളാണ് പരിശോധിച്ചത്.

കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തിൽനിന്നുള്ള 217 സ്രവ സാംപിളുകൾ പരിശോധിച്ചതിൽ 12-ഉം റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തിൽനിന്നുള്ള 42 സ്രവ സാംപിളുകളിൽ നാലും പോസിറ്റീവായിരുന്നു. എന്നാൽ, രണ്ടിനം വവ്വാലുകളുടെയും തൊണ്ടയിൽനിന്നുള്ള 25 സ്രവ സാംപിളുകൾ പരിശോധിച്ചതിൽ ഫലം നെഗറ്റീവായി.

Read More: കൊറോണ വൈറസ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ മനുഷ്യനിലെത്തി: പഠനം പറയുന്നത് ഇങ്ങനെ 

കൊവിഡ് 19ന്‍റെ  പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ ഈനാംപേച്ചിയിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യനിലേക്ക് എത്തിയതെന്ന തരത്തിലും വാർത്തകൾ ഉണ്ടായിരുന്നു. കോവിഡ് 19 മഹാമാരിക്ക് കാരണമായ SARS-CoV-2 രോഗാണുക്കൾ, വവ്വാൽ, ഈനാംപേച്ചി തുടങ്ങിയ സസ്തനികളിൽ നിന്ന് ഉത്ഭവിച്ചതാവാമെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് പിന്നാലെയാണ് കേരളം ഉൾപ്പെടെ ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തിയിരിക്കുന്നത്. വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ ഈയിനത്തിൽപ്പെട്ട സസ്തനികളെ കൂടുതൽ നിരീക്ഷണവിധേയമാക്കണമെന്ന് പഠനം നിർദേശിക്കുന്നു.