കൊല്‍ക്കത്ത: ബംഗാളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെരിപ്പ് കൊണ്ട് അടിച്ചോടിക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. ബിജെപിയുടെ സേവ് റിപ്പബ്ലിക് കാമ്പയിന്‍ ആരംഭിച്ചതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തൃണമൂല്‍ കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ദിലിപ് ഘോഷ്  ആഹ്വാനം ചെയ്തത്. 

തൃണമൂല്‍ കോണ്‍‌ഗ്രസ് പ്രവര്‍ത്തകരെ ചെരിപ്പുകൊണ്ട് അടിച്ചോടിക്കണം, അവരെ റോഡില്‍ നിന്നും വലിച്ച് പുറത്തിടണമെന്നായിരുന്നു ദിലീപ് ഘോഷിന്‍റെ വാക്കുകള്‍. 2019 ല്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ എണ്ണം സംസ്ഥാനത്ത് പകുതിയി കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. അത് സംഭവിച്ചു.  തൃണമുല്‍ കോണ്‍ഗ്രസ് പൊലീസിനെ ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. പ്രവര്‍ത്തകരെ ഞങ്ങള്‍ കൈവിടില്ല.

തൃണമൂല്‍ കോണ്‍‌ഗ്രസ് ബിജെപിക്ക് നേരെ നടത്തുന്ന എല്ലാ അതിക്രമങ്ങളും ഞങ്ങളുടെ ഓര്‍മ്മയിലുണ്ട്. അധികാരത്തിലേറിയാല്‍ എല്ലാ കണക്കും പലിശ സഹിതം തീര്‍ക്കും.  തൃണമൂൽ കോൺഗ്രസിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ പൊലീസ് സേനയിലെ ഒരു വിഭാഗം പ്രവർത്തിക്കുകയാണ്. ഒരു വർഷത്തിനുശേഷം നിങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ഓർക്കുക. നിങ്ങളുടെ കുടുംബത്തിന്റെയും കുട്ടികളുടെയും മുഖം കാണാൻ നിങ്ങളെ അനുവദിക്കില്ലെന്ന് ദിലീപ് ഘോഷ് ഭീഷണി മുഴക്കി.

ബംഗാൾ പൊലീസ് ഇപ്പോൾ മുഖ്യമന്ത്രിയെയോ അവരുടെ മരുമകനെയോ വിമർശിച്ചിടുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ പോലും ആളുകളെ അറസ്റ്റ് ചെയ്യുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുണ്ടാകുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ദിലീഷ് ഘോഷിന്‍റെ  പ്രസ്താവനയ്ക്കെതിരെ  തൃണമൂൽ കോൺഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. വിദ്യാഭ്യാസമില്ലാത്തവനും സംസ്കാരമില്ലാത്തവനുമാണ് ഘോഷ് എന്നായിരുന്നു ടിഎംസി എംപി കല്യാൺ ബാനർജിയുടെ പ്രതികരണം. അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കിൽ ആദ്യം എന്നെ ചെരിപ്പുകൊണ്ട് അടിക്കട്ടെയെന്ന് കല്യാണ്‍ ബാനര്‍ജി വെല്ലുവിളിച്ചു.