സൈനിക ശക്തിയുടെ വിളംബരമായ റിപ്പബ്ലിക്ക് ദിന പരേഡിൽ തുടങ്ങിയ ആഘോഷത്തിനാണ് സേനകളുടെ കലാപ്രകടനത്തോടെ സമാപനമായത്

ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച് ദില്ലിയിൽ ബീറ്റിംഗ് ദി റിട്രീറ്റ് നടന്നു. വിവിധ സേനാ വിഭാഗങ്ങളുടെ പ്രൗഢഗംഭീരമായ ബാൻഡ് മേളത്തിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും സാക്ഷിയായി. വിജയ് ചൗക്കിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ സംഘവും ചടങ്ങുകൾ കാണാനെത്തിയിരുന്നു.

സൈനിക ശക്തിയുടെ വിളംബരമായ റിപ്പബ്ലിക്ക് ദിന പരേഡിൽ തുടങ്ങിയ ആഘോഷത്തിനാണ് സേനകളുടെ കലാപ്രകടനത്തോടെ സമാപനമായത്. ശംഖ നാദത്തോടെ വൈകിട്ട് വിജയ് ചൗക്കിൽ തുടങ്ങിയ സംഗീത വിരുന്നിൽ 31 ഈണങ്ങളാണ് കാഴ്ച്ചകാർക്ക് മുന്നിൽ അവതരിപ്പിച്ചത്. വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡ് സംഘം ചടങ്ങിലുടനീളം ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തെ അടിസ്ഥാനമാക്കിയ ഈണങ്ങൾ അവതരിപ്പിച്ചു.

സായുധസേനകളുടെ നേതൃത്വത്തിൽ വിജയ ഭാരത് എന്ന ഈണം വിജയ് ചൗക്കിൽ മുഴങ്ങിയപ്പോൾ കാണികളും ആഘോഷത്തിലായി. രാഷ്ട്രപിതാവ് ഗാന്ധിജിയെ അനുസ്മരിച്ച് വ്യോമസേന സംഘം പ്രകടനം നടത്തി. മറക്കാനാകാത്ത അനുഭവമെന്ന് പരിപാടിയിൽ പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ സംഘത്തിലെ വിദ്യാർത്ഥികൾ പ്രതികരിച്ചു. നേരത്തെ റിപ്പബ്ലിക് ദിനാഷോഘങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്