ദില്ലി: ഈസ്റ്റ് ദില്ലിയില്‍ നിന്നുള്ള ബിജെപി എംപിയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം വലിയ ഉത്തരവാദിത്വമാണ് ഗംഭീര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍ തനിക്ക് ഇനിയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിയൊന്നുമില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. ദില്ലിയുടെ ചുമതലയേറ്റെടുക്കണമെന്ന് പറയുകയാണെങ്കില്‍ അതിന് തയാറാണെന്നാണ് താരം വ്യക്തമാക്കുന്നത്.

എംപിയായിരുന്ന യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രിയായി ബിജെപി അവരോധിക്കുകയായിരുന്നു. ഇതുപോലെ ദില്ലയില്‍ സംഭവിച്ചാല്‍ എന്താകും നിലപാടെന്നാണ് ഗംഭീറിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. അങ്ങനെ സംഭവിച്ചാല്‍ അത് വലിയ ബഹുമതിയാകും.

നടക്കണമെന്ന് ഏറെ ആഗ്രഹമുള്ള ഒരു സ്വപ്നമാണ് അതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ തന്‍റെ ശ്രദ്ധ മുഴുവന്‍ ഈസ്റ്റ് ദില്ലിയുടെ കാര്യത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ എന്‍ആര്‍സി (ദേശീയ പൗരത്വ രജിസ്റ്റര്‍) നടപ്പാക്കണമെന്നുള്ള സംസ്ഥാന ബിജെപി അധ്യക്ഷന്‍റെ ആവശ്യത്തോട് അതിവേഗം വേണ്ടെന്നാണ് ഗംഭീര്‍ പ്രതികരിച്ചത്. ദില്ലിയില്‍ എന്‍ആര്‍സി നടപ്പാക്കുമ്പോള്‍ അതൊരു ബിജെപി സര്‍ക്കാര്‍ ഭരിക്കുമ്പോഴാകണമെന്നും ഗംഭീര്‍ പറഞ്ഞു.