വാക്സീന്‍ എടുത്തതിന് തൊട്ടടുത്ത ദിവസം വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മുണ്ട ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ശരീരം സ്വന്തമായി അനക്കാനും തുടങ്ങി.

ജാര്‍ഖണ്ഡ് (Jharkhand): സംസ്ഥാനത്തെ ബോക്കാറോ (Bokaro) ജില്ലയിലെ സൽഗാദിഹ് ഗ്രാമത്തിലെ താമസക്കാരനാണ് ദുലാർചന്ദ് മുണ്ട (Dularchand Munda) എന്ന 55 കാരന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം ആദ്യ ഡോസ് കോവിഷീല്‍ഡ് (Covishield) വാക്സിന്‍ എടുത്തത്. വാക്സീന് ശേഷം അദ്ദേഹം ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് സംസാരിക്കാനും നടക്കാനും തുടങ്ങിയെന്ന് എന്‍ഡിടിവി അടക്കമുള്ള ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

55 കാരനായ ദുലാർചന്ദ് മുണ്ട, കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു. അഞ്ച് വർഷം മുമ്പ് ഒരു അപകടത്തിൽപ്പെട്ട് നട്ടെല്ലിന് പരിക്കേറ്റ് അദ്ദേഹം കിടപ്പിലായി. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും അദ്ദേഹത്തിന്‍റെ സംസാര ശേഷി നഷ്ടപ്പെടുകയും ശരീരത്തിന്‍റെ സ്വാധീനം നഷ്ടപ്പെട്ട് നടക്കാന്‍ കഴിയാതെയുമായി. കിടപ്പിലായ രോഗിക്ക് പ്രദേശത്തെ അങ്കണവാടി ജോലിക്കാരി ജനുവരി 4-ാം തിയതിയാണ് അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. 

തൊട്ടടുത്ത ദിവസം വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മുണ്ട ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ശരീരം സ്വന്തമായി അനക്കാനും തുടങ്ങി. താമസിക്കാതെ അദ്ദേഹം തന്‍റെ സംസാര ശേഷി വീണ്ടെടുത്തു. പതുക്കെ എഴുന്നേറ്റിരിക്കാനും വടിയുടെ സഹായത്താല്‍ നടക്കാനും തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. പീറ്റർവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റര്‍ ഇൻചാർജ് ഡോ. അൽബെല കെർക്കറ്റയാണ് ഈ സംഭവം മാധ്യമങ്ങളെ അറിയിച്ചത്.