Asianet News MalayalamAsianet News Malayalam

മദ്യപാനികള്‍ക്ക് 'ആഘോഷരാവുകള്‍'; ബിയറിനും വൈനിനും വില കുറയും; ഹരിയാനയില്‍ ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടി

ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയും ബിയറിനും വൈനിനും വില കുറച്ചും ഹരിയാനയിലെ പുതിയ എക്സൈസ് നയം. 

Beer and wine cheaper and bars working time extended in Haryana
Author
Haryana, First Published Feb 21, 2020, 8:45 AM IST

ഛണ്ഡീഗഢ്: പുതിയ എക്സൈസ് നയപ്രകാരം ഹരിയാനയിലെ ബാറുകള്‍ ഇനി രാത്രി ഒരു മണി വരെ തുറന്നു പ്രവര്‍ത്തിക്കും. ഗൂര്‍ഗോണ്‍, ഫരീദാബാദ്, പഞ്ച്കുള എന്നിവിടങ്ങളിലെ ബാറുകളാണ് പ്രവര്‍ത്തന സമയം നീട്ടിയത്. ബിയറിനും വൈനിനും വില കുറയുന്നതിനൊപ്പം മദ്യം വില്‍ക്കാനുള്ള ഹോട്ടലുകളുടെയും റസ്റ്റോറന്‍റുകളുടെയും ലൈസന്‍സ് ഫീസും കുറയും. 

മണിക്കൂറിന് 10 ലക്ഷം രൂപ വീതം വര്‍ഷാവാര്‍ഷം അധിക ലൈസന്‍സ് തുക നല്‍കുന്ന ബാറുകള്‍ക്ക് രാത്രി ഒരു മണിക്ക് ശേഷവും രണ്ടു മണിക്കൂര്‍ സമയത്തേക്ക് തുറന്നു പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. വ്യാഴാഴ്ച മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അധ്യക്ഷനായ ക്യാബിനറ്റ് സമ്മേളനത്തിന് ശേഷമാണ് 2020-21 കാലയളവിലെ പുതിയ എക്സൈസ് നയം പുറത്തുവിട്ടത്. 

ബിയറിന്‍റെ എക്സൈസ് ഡ്യൂട്ടിയില്‍ ലിറ്ററിന് 10 രൂപയാണ് കുറവ് വരുത്തിയത്. 3.5 ശതമാനം മുതല്‍ 5.5 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ബിയറിന് ലിറ്ററിന് 50 രൂപയായിരുന്നത് ഇനി മുതല്‍ 40 രൂപയായി കുറയും. രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്ന മദ്യത്തിന് എക്സൈസ് തീരുവ വര്‍ധിക്കും. ഇന്ത്യന്‍ മേഡ് ഫോറിന്‍ ലിക്കറിന്(ഐഎംഎഫ്എല്‍) പഴയ വില തന്നെ തുടരും. പാര്‍ട്ടികളിലും മറ്റും മദ്യം വിളമ്പുന്നതിനായി താല്‍ക്കാലിക ലൈസന്‍സ് നേടുകയും ഇനി എളുപ്പമാകും. ഇതിനായുള്ള അപേക്ഷ ഫോം ഓണ്‍ലൈന്‍ വഴി പൂരിപ്പിക്കാം. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ നടത്തുന്നതിന് വര്‍ഷാവര്‍ഷം നല്‍കുന്ന ലൈസന്‍സ് തുക 38 ലക്ഷത്തില്‍ നിന്ന് 22.5 ലക്ഷമായി കുറച്ചെന്നും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അറിയിച്ചു. 

 

Follow Us:
Download App:
  • android
  • ios