അയാൾ മരിച്ചുവെന്ന് കരുതിയിരിക്കെ 12 വ‍ര്‍ഷങ്ങൾക്ക് ശേഷം ഛാവി തിരിച്ചെത്തി. ലോകം എല്ലാ അര്‍ത്ഥത്തിലും മാറിയിരുന്നെങ്കിലും ഛാവിയ്ക്ക് അയാളെ കാത്തിരിക്കാൻ അമ്മ മാത്രമുണ്ടായി.

ദില്ലി: 2009 ൽ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഛാവി മുസഹറിനെ കാണാതാകുന്നത് (Missing). അന്ന് അയാൾക്ക് വയസ്സ് 23. രണ്ട് വ‍ര്‍ഷം കാത്തിരിന്നിട്ടും കാണാതായതോടെ 2011 ൽ അയാളുടെ അവസാന കര്‍മ്മങ്ങളും കുടുംബം നിര്‍വ്വഹിച്ചു. കാണാതാകുന്നതിന് മുമ്പ് വിവാഹിതനായിരുന്ന ഛാവിയുടെ ഭാര്യ ഒടുവിൽ മറ്റൊരാളെ വിവാഹം ചെയ്തു. എന്നാൽ ഒരാൾ മാത്രം അപ്പോഴും വിശ്വസിച്ചു ഛാവി തിരിച്ചുവരുമെന്ന്, അവന്റെ അമ്മ! ഒടുവിൽ അതുതന്നെ സംഭവിച്ചു. അയാൾ മരിച്ചുവെന്ന് കരുതിയിരിക്കെ 12 വ‍ര്‍ഷങ്ങൾക്ക് ശേഷം ഛാവി തിരിച്ചെത്തി. ലോകം എല്ലാ അര്‍ത്ഥത്തിലും മാറിയിരുന്നെങ്കിലും ഛാവിയ്ക്ക് അയാളെ കാത്തിരിക്കാൻ അമ്മ മാത്രമുണ്ടായി.

അമ്മയ്ക്കൊഴിച്ച് ഗ്രാമത്തിലെ മറ്റെല്ലാവര്‍ക്കും ഇത് അവിശ്വസനീയമായ ഒന്നാണ്. എല്ലാവരും അവരുടെ വീട്ടിലേക്ക് ഒഴുകിയെത്തി. നിറകണ്ണുകളോടെ ബി‍ർത്തി മകനെ സ്വീകരിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ​ദിനം ഇന്നാണ്. വളരെ കാലത്തിന് ശേഷം എന്റെ മകനെ എനിക്ക് തിരിച്ചുകിട്ടി. എല്ലാ അനു​ഗ്രഹവും ഈ കുടുംബത്തിന് മേൽ ചൊരിഞ്ഞതിന് സർവ്വേശ്വരന് നന്ദി. - ബിർത്തി പറഞ്ഞു. എല്ലാവരും മകൻ മരിച്ചെന്ന് കരുതിയപ്പോഴും അവന് വേണ്ടി വർഷാവർഷം ബിർത്തി പൂജകൾ നടത്തിയിരുന്നു. 

ദൈവം എന്റെ പ്രാ‍ർത്ഥന കേട്ടുവെന്നും അവർ പറഞ്ഞു. സുഹൃത്തുക്കളുടെ വീട് മുതൽ ബസ് സ്റ്റാന്റിലും റെയിൽവെ സ്റ്റേഷനിലും ആശുപത്രികളിലുമടക്കം അവനെ രണ്ട് വർഷത്തോളം തിരഞ്ഞുവെന്ന് സഹോദരൻ രവി പറഞ്ഞു. ഒരു യാത്രക്കിടെ ട്രെയിൻ മാറിക്കയറിയതാണ് ഛാവിയുടെ ജീവിതം ഇത്രമേൽ തകർത്തുകളഞ്ഞത്. വണ്ടിമാറിക്കയറി പഞ്ചാബിൽ ചെന്നിറങ്ങിയ ഛാവി അബദ്ധത്തിൽ പാക്കിസ്ഥാന ബോ‍ർഡർ കടന്നതോടെ തലവരമാറി. ഒരു വർഷത്തോളം പല കൂലിപ്പണികളും ചെയ്ത് കഴിഞ്ഞുകൂടി. 

പിന്നീട് പാക് പൊലീസിന്റെ പിടിയിലായതോടെ ജയിലിലായി. 2021 ലാണ് ഛാവി പാക് ജയിലിലുണ്ടെന്ന വിവരം ആഭ്യന്തരമന്ത്രാലയത്തിന് ലഭിക്കുന്നത്. ഇതോടെ ഇയാളെ തിരിച്ചെത്തിക്കാനുള്ല നടപടികൾ ആരംഭിച്ചു. കറാച്ചി ജയിലിൽ നിന്ന് മോചിപ്പിച്ച ഛാവിയെ ബിഎസ്എഫിന് കൈമാറി. അവിടെ നിന്ന് റെഡ്ക്രോസ് ആണ് ഛാവിയെ അമൃത്സറിൽ വച്ച് പൊലീസിനെ ഏൽപ്പിച്ചത്. പിന്നീട് വീട്ടിലെത്തിക്കുകയായിരുന്നു. ഛാവിയെ കാണാതായതോടെ ബിഹാർ പൊലീസിൽ പരാതി നൽകിയിരുന്നു.