Asianet News MalayalamAsianet News Malayalam

ബിജെപി പ്രതിഷേധം; നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ബംഗാള്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോയി, നാടകമെന്ന് തൃണമൂൽ

ബഹളത്തിനിടെ നയപ്രഖ്യാപന പ്രസംഗം ഇടയ്ക്കുവെച്ച് നിര്‍ത്തി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി അസാധാരണമായ നീക്കമാണ് ഗവര്‍ണര്‍ നടത്തിയത്. തൊട്ടുപിന്നാലെ ബിജെപി അംഗങ്ങളും നിയമസഭ ബഹിഷ്കരിച്ചു

bengal assembly bjp protest governor leaves assembly without completing speech
Author
Kolkata, First Published Jul 2, 2021, 6:52 PM IST

കൊല്‍ക്കത്ത: ബംഗാളില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗം ഇടക്കുവെച്ച് നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിലുണ്ടായ അക്രമങ്ങളിൽ ബിജെപി ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്ക് ഇടയിലാണ് ഗവര്‍ണര്‍ ജഗ്ദീപ് ദാങ്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. 

ബിജെപി-ഗവര്‍ണര്‍ നാടകമെന്നാണ് തൃണമൂൽ  കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങള്‍ ഉയര്‍ത്തി ബിജെപി - തൃണമൂൽ ഏറ്റുമുട്ടലോടെയായിരുന്നു മമത സര്‍ക്കാരിന്‍റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങിയത്. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ച ഉടൻ അക്രമങ്ങളെ  കുറിച്ച് പരാമര്‍ശമില്ലെന്ന് ആരോപിച്ച് ബിജെപി അംഗങ്ങൾ എഴുന്നേറ്റത്തോടെ സഭ പ്രതിഷേധക്കളമായി.

ബഹളത്തിനിടെ നയപ്രഖ്യാപന പ്രസംഗം ഇടയ്ക്കുവെച്ച് നിര്‍ത്തി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി ഗവര്‍ണര്‍ അസാധാരണമായ നീക്കമാണ് നടത്തിയത്. തൊട്ടുപിന്നാലെ ബിജെപി അംഗങ്ങളും നിയമസഭ ബഹിഷ്കരിച്ചു. സംസ്ഥാനത്ത് ഗവര്‍ണര്‍ - മമത ഏറ്റുമുട്ടൽ ശക്തമായി തുടരുന്നതിനിടെയായിരുന്നു സഭയിൽ ബിജെപി ബഹളവും ഗവര്‍ണറുടെ ഇറങ്ങിപ്പോക്കുമെന്നതാണ് ശ്രദ്ധേയം. ഗവര്‍ണര്‍ - ബിജെപി നാടകമെന്നാണ് വിഷയത്തില്‍ തൃണമൂൽ കോണ്‍ഗ്രസ് തിരിച്ചടിച്ചത്.

ഇതിനിടെ സംഘര്‍ഷ മേഖലകളിൽ തെളിവെടുപ്പിനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾക്ക് നേരെ രണ്ട് ദിവസം മുമ്പ് കയ്യേറ്റ ശ്രമങ്ങളുണ്ടായ സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് കൽക്കട്ട ഹൈക്കോടതി വിമര്‍ശിച്ചു. സംഭവത്തിൽ കൊൽക്കത്ത പൊലീസിന് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് നൽകിയിട്ടുണ്ട്. അക്രമങ്ങളിൽ കിട്ടിയ എല്ലാ പരാതികളിലും ഉടൻ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും അന്ത്യശാസനം നൽകി.

വീഴ്ചവരുത്തിയാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്. അതിനിടെ സിബിഐ-ഇഡി കേസുകൾ നേരിടുന്ന  പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്തയും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി തൃണമൂൽ കോണ്‍ഗ്രസ് രംഗത്തെത്തി. സിബിഐക്കും ഇഡിക്കും വേണ്ടി കോടതിയിൽ ഹാജരാകുന്ന അഭിഭാഷകൻ കേസിലെ പ്രതിയുമായി ചര്‍ച്ച നടത്തിയത് ദുരൂഹമാണെന്നും സോളിസിറ്റര്‍ ജനറലിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തൃണമൂൽ കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് കത്തയച്ചു.

Follow Us:
Download App:
  • android
  • ios