Asianet News MalayalamAsianet News Malayalam

കേന്ദ്രം കടുത്ത എതിർപ്പിൽ; ബം​ഗാളിൽ ബലാത്സം​ഗ കേസ് പ്രതികൾക്ക് വധശിക്ഷ, നിയമ നിർമ്മാണത്തിന് സഭ ഇന്ന് ചേരും

ബിൽ പാസാക്കി ​ഗവർണർക്ക് അയക്കുമെന്നും, ​ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നുമാണ് മമത അറിയിച്ചത്. എന്നാൽ നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ ശക്തമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്

Bengal Assembly to hold special session today to pass Bill proposing death punishment for rapists
Author
First Published Sep 2, 2024, 2:52 AM IST | Last Updated Sep 2, 2024, 2:52 AM IST

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ബലാത്സം​ഗ കേസ് പ്രതികൾക്ക് വേ​ഗത്തിൽ വധശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് മുതൽ ചേരും. ഇന്നും നാളെയുമാണ് സഭാ സമ്മേളനം നടക്കുക. ബില്ലിന്റെ കരട് തയാറാക്കുന്നതിനായി മന്ത്രിമാരുൾപ്പെട്ട പ്രത്യേക സമിതിയെ നേരത്തെ രൂപീകരിച്ചിരുന്നു. ബിൽ പാസാക്കി ​ഗവർണർക്ക് അയക്കുമെന്നും, ​ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നുമാണ് മമത അറിയിച്ചത്. എന്നാൽ നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ ശക്തമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്. പ്രക്ഷോഭം ശക്തമായപ്പോൾ ശ്രദ്ധ തിരിക്കാനുള്ള മമതയുടെ അടവാണിതെന്നാണ് ബിജെപിയുടെ വിമർശനം.

നേരത്തെ, മമതയുടെ നീക്കത്തിൽ കടുത്ത അതൃപ്തി അറിയിച്ച്  വനിത ശിശുക്ഷേമ മന്ത്രി അന്നപൂർണാ ദേവി ബംഗാൾ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ബലാത്സംഗ കേസിലെ പ്രതികൾക്ക് ഭാരതീയ ന്യായ സംഹിതയിൽ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും, സംസ്ഥാനത്തെ 48,600 കേസുകളിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കേന്ദ്രമന്ത്രി കത്തിൽ പറയുന്നു. 

ഫാസ്റ്റ് ട്രാക്ക് കോടതികളെ നോക്കുകുത്തികളാക്കിയെന്നും മന്ത്രി അന്നപൂർണ്ണ ദേവി ബംഗാൾ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ കുറ്റപ്പെടുത്തി. പ്രതികൾക്ക് വധശിക്ഷ  നൽകാനുള്ള നീക്കത്തെ എതിർത്ത് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തിലെ വീഴ്ച മറയ്ക്കാനുള്ള ശ്രമമാണ് മമത സർക്കാർ നടത്തുന്നതെന്ന് പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടി ആരോപിച്ചു.

ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചത്. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി വ്യക്തമാക്കിയത്. പാസാക്കുന്ന ബിൽ ഗവർണർക്ക് അയക്കും. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ താൻ കുത്തിയിരിക്കുമെന്നും മമത അറിയിച്ചിരുന്നു.  രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാൻ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമയച്ചിരുന്നു.

10, പ്ലസ് ടു, ബിരുദം... യോ​ഗ്യത ഏതുമാകട്ടെ; പ്രമുഖകമ്പനികൾ വിളിക്കുന്നു; സൗജന്യമായി തൊഴിൽ മേളയിൽ പങ്കെടുക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios