കൊൽക്കത്ത: മമത ബാനർജി സർക്കാറിനെതിരെ ബൂമറാങ് പരാമർശവുമായി പശ്ചിമ ബംഗാൾ  ബിജെപി അധ്യക്ഷൻ. യുപിയും ബിഹാറും പോലെ പഞ്ചിമ ബംഗാളും മാഫിയ ഭരണത്തിലേക്ക് വഴുതി വീഴുകയാണ് എന്നായിരുന്നു ബിജെപി നേതാവ് ദിലിപ് ഘോഷിന്റെ പരാമർശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ യുപിയെയും ബിഹാറിനെയും ചേർത്തുള്ള പരാമർശമാണ് ബൂമറാങ്ങായി തിരിച്ചടിച്ചത്. ബംഗാളിൽ ബിജെപി നേതാവ് പൊലീസ് സ്റ്റേഷന് മുമ്പിൽ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു ദിലിപ് ഘോഷിന്റെ പ്രതികരണം.

ഉത്തർപ്രദേശിലെയും ബിഹാറിലെയും പോലെ പശ്ചിമ ബംഗാൾ മാഫിയ ഭരണത്തിലേക്ക്​വഴുതിക്കൊണ്ടിരിക്കുകയാണ്​. പൊലീസ്​ സ്​റ്റേഷന്​ മുമ്പിൽ വെച്ച്​ ബിജെപി കൗൺസിലർ  വെടിയേറ്റ് മരിച്ചത്​ നാണക്കേടാണ്. ബംഗാളിൽ നിയമവാഴ്ച അനുദിനം വഷളാവുകയാണ്. 

ശുക്ലയെ പോലുള്ള സുപ്രധാന നേതാവിനെ കൊലപ്പെടുത്തിയ ഗൂഢാലോചനയിൽ പൊലീസും പങ്കാളിയാണ്. ഇത്തരം അരാചകമായ സാഹചര്യത്തിൽ ഇവിടെ നീതിയുക്തമായ തെരഞ്ഞെടുപ്പ് സാധ്യല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ 120 ബിജെപി പ്രവർത്തകരാണ് കൊലപ്പെട്ടതെന്നും  ദിലിപ് ഘോഷ്  പറഞ്ഞു.

അതേസമയം ഘോഷിന്റെ പരാമർശത്തെ ഉദ്ധരിച്ച് പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബിജെപി അധികാരത്തിലുള്ള യുപിയിലും ബിഹാറിലും മാഫിയ ഭരണമാണുള്ളതെന്ന്​ ദിലിപ്​ ഘോഷ്​ സമ്മതിച്ചത്​ നല്ല കാര്യമാണെന്നായിരുന്നു തൃണമൂലിന്റെ പരിാസം. ഒരിക്കലെങ്കിലും അദ്ദേഹം സത്യം പറഞ്ഞതിൽ സോന്തോഷമുണ്ടെന്നും തൃണമൂൽ നേതൃത്വം പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് ടിറ്റഗഡ് മുൻസിപ്പാലിറ്റി ചെയർമാൻ മനിഷ് ശുക്ല  ബൈക്കിലെത്തിയ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ഹഥ്റസ് സംഭവത്തിൽ പ്രതിരോധത്തിലാണ് യുപി സർക്കാർ.  ബിജെപി-ജെഡിയു സഖ്യം ഭരിക്കുന്ന ബിഹാറിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരാമർശം ചർച്ചയാകുന്നത്.