കല്ലെറ് രൂക്ഷമായതോടെ ഭാരതി അടുത്തുള്ള ക്ഷേത്രത്തിൽ അഭയം തേടി. അവിടെയും പ്രവർത്തകരെത്തി നേരം അക്രമം അഴിച്ച് വിട്ടതോടെ ക്ഷേത്രത്തിൽനിന്നും ഭാരതി ഘോഷ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി.

കൊൽക്കത്ത: മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബംഗാളിലെ ബിജെപി സ്ഥാനാർത്ഥിയുമായ എംഎസ് ഭാരതി ഘോഷിനെതിരെ പോളിങ് ബൂത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കേശ്പൂർ ബസാർ പോളിങ് ബൂത്തിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ബംഗാളിലെ ഘട്ടൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് ഭാരതി ഘോഷ്.

രാവിലെ വോട്ട് ചെയ്യാൻ‌ പോളിംഗ് ഏജന്റുമൊത്ത് ബൂത്തിൽ പ്രവേശിക്കാൻ തുടങ്ങിയപ്പോൾ തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകരായ വനിതകൾ ഭാരതി ഘോഷിനെ തടഞ്ഞു. തുടർന്ന് പോളിങ് ബൂത്തിൽനിന്ന് മടങ്ങിയ ഭാരതിയുടെ കാറിന് നേരെ തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ ഭാരതി അടുത്തുള്ള ക്ഷേത്രത്തിൽ അഭയം തേടി. അവിടെയും പ്രവർത്തകരെത്തി അക്രമം അഴിച്ച് വിട്ടതോടെ ഭാരതി ഘോഷ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി. 

തുടർന്ന് ഉച്ചയോടെ അവരുടെ കാർ തടയുകയും വഴിയിലുടനീളം ബോബെറിയുകയും ചെയ്തു. ആക്രമണത്തിൽ ഭാരതി ഘ‌ോഷിന് സാരമായ പരിക്കേറ്റതായി പൊലീസ് പറഞ്ഞു. രാവിലെ മുതൽ തുടങ്ങിയ ആക്രമണം ഉച്ചവരെ തുടർന്നു. അതേസമയം,​ ഭാരതി ഘോഷ് ബൂത്തിനുള്ളിൽ മൊബെെൽ ഫോൺ ഉപയോഗിച്ചതായും വീഡിയോ പകർത്തിയെന്നുമുള്ള പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. പരാതിയിൻമേൽ ഭാരതി ഘോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ മിഡ്നാപൂർ ജില്ലാ മജിസ്ട്രേറ്റിനോട് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഭാരതി ഘോഷ് നടത്തിയ വിവാദ പ്രസ്താവയാണ് അക്രമണത്തിന് പിന്നില്ലെന്ന് നാട്ടുകാർ‌ ആരോപിച്ചു. ബിജെപിയുടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയാല്‍ നായ്ക്കളെ വലിച്ചിഴക്കുന്നതു പോലെ തൃണമൂല്‍ പ്രവര്‍ത്തകരെയും വിലിച്ചിഴക്കുമെന്നായിരുന്നു ഭാരതി ഘോഷിന്‍റെ പ്രസ്താവന.