പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കൾ സിപിഎമ്മിനെ പ്രതിരോധിക്കുന്നതിന് പകരം സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന എംഎൽഎ അമർനാഥ് സാഖ ആരോപിച്ചു. നേതാക്കളുടെ സ്വാർത്ഥതയും പണത്തോടുള്ള ആർത്തിയും പാർട്ടിയെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ബിജെപി എംഎൽഎ അമർനാഥ് സാഖ. സംസ്ഥാനത്ത് ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സിപിഎമ്മിനെ പ്രതിരോധിക്കുന്നതിന് പകരം സോഷ്യൽ മീഡിയ റീലുകളിലൂടെ ഫോളോവേഴ്‌സിനെ കൂട്ടാനാണ് നേതാക്കൾ സമയം കണ്ടെത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബങ്കുറ ജില്ലയിലെ ഒൻഡ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അമർനാഥ് സാഖ, പാർട്ടിക്കുള്ളിൽ നടക്കുന്ന തെറ്റായ കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കി.
സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സർക്കാരിനെതിരെ പ്രചാരണം നടത്തുമ്പോൾ അതിനെ പ്രതിരോധിക്കാൻ പാർട്ടിയിലെ മുതിർന്ന നേതാക്കളാരും ശബ്ദമുയർത്തുന്നില്ലെന്ന് അമർനാഥ് സാഖ കുറ്റപ്പെടുത്തി. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങാൻ പോകുന്നത് വരെ സ്വന്തം പ്രശസ്തിക്കായി മാത്രം നേതാക്കൾ ഓടിനടക്കുകയാണ്. ഇടത് പക്ഷത്തിന്‍റെ പ്രവർത്തനങ്ങൾക്ക് മറുപടി നൽകാനോ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനോ ആരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംസ്ഥാനത്തെ ചില നേതാക്കൾ വ്യക്തിപരമായ നേട്ടങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു- "സ്വന്തം വയറു നിറഞ്ഞാൽ മാത്രം മതി, പാർട്ടി നശിച്ചാലും കുഴപ്പമില്ലെന്ന മനോഭാവമാണ് പലർക്കും ഉള്ളത്. പണം സമ്പാദിക്കുക എന്നത് മാത്രമാണ് ചിലരുടെ ലക്ഷ്യം" എന്നാണ് എംഎൽഎയുടെ വിമർശനം. നേതാക്കളുടെ ഇത്തരം നിലപാടുകൾ പാർട്ടിക്ക് വലിയ രീതിയിൽ തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില വ്യക്തികളുടെ അനുയായികൾ ആകാൻ ശ്രമിക്കാതെ പാർട്ടിക്ക് മുൻഗണന നൽകാൻ പ്രവർത്തകരോട് എംഎൽഎ ആഹ്വാനം ചെയ്തു. "നേതാക്കൾ വരും പോകും, എന്നാൽ പാർട്ടി എന്നും നിലനിൽക്കും" എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സിപിഎമ്മിന്‍റെയും തൃണമൂൽ കോൺഗ്രസിന്‍റെയും അതിക്രമങ്ങളും ഭീകരതയും നേരിട്ടാണ് താൻ രാഷ്ട്രീയത്തിൽ നിലനിന്നത്. സ്വന്തം ജീവിതവും കുടുംബവും മാറ്റിവെച്ചാണ് ഇതുവരെ ബിജെപിക്കായി പ്രവർത്തിച്ചതെന്നും എന്നാൽ ചിലരുടെ സ്വാർത്ഥത കാരണം പാർട്ടി ഇപ്പോൾ ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പാർട്ടി ഭാരവാഹികൾക്കിടയിലെ അഴിമതിയെക്കുറിച്ച് സമീക് ഭട്ടാചാര്യ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുവനേതാക്കളെ മുൻനിർത്തിയും പ്രക്ഷോഭങ്ങൾ ശക്തമാക്കിയും പശ്ചിമ ബംഗാളിൽ സംഘടനാപരമായ തിരിച്ചു വരവിന് ഇടത് മുന്നണി ശ്രമിക്കുന്നതിനിടയിലാണ് ബിജെപിക്കുള്ളിലെ ഈ ആഭ്യന്തര ഭിന്നത പുറത്തു വരുന്നത്. തെരഞ്ഞെടുപ്പ് രംഗത്ത് ഇനിയും വലിയ മുന്നേറ്റമുണ്ടാക്കാൻ ഇടത് സഖ്യത്തിന് സാധിച്ചിട്ടില്ലെങ്കിലും, അവരുടെ രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാൻ ബിജെപി പരാജയപ്പെടുന്നു എന്ന വിമർശനമാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഇപ്പോൾ ഉയരുന്നത്.
