മുംബൈ: സുശാന്ത് സിംഗിന്റെ കാമുകിയായിരുന്നു എന്നതിനാല്‍ വിദ്വേഷപ്രചാരണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് നടി റിയ ചക്രവര്‍ത്തിക്ക്, എന്നാല്‍ '' ബംഗാളിലെ ഈറ്റപ്പുലി പോരാടും'', റിയയുടെ അഭിഭാഷകന്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസമാണ് റിയ ചക്രവര്‍ത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

'ഈ വിഡ്ഢികളോടെല്ലാം റിയ പോരാടു'മെന്ന് താരത്തിന്റെ അഭിഭാഷകന്‍ സതിഷ് മന്‍ഷന്റെ പറഞ്ഞു. 'റിയയുടെ പ്രതിഛായ തകര്‍ത്തവര്‍ ഇന്ന് എന്റെ ഓഫീസിന് പുറത്ത് കാത്തുനില്‍ക്കുകയാണ്', റിയയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ പരിഹസിച്ച് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. 

റിയ ലഹരി മാഫിയയില്‍ അംഗമാണെന്ന് പറയാന്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പക്കല്‍ തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടിക്ക് കോടതി ജാമ്യം അനുവദിച്ചത്. നടിക്കെതിരെ ചുമത്തിയ കടുത്ത വകുപ്പുകളും നിലനില്‍ക്കില്ല. എന്നാല്‍ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്ക് ജാമ്യമില്ല.

28 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് റിയ പുറത്തിറങ്ങിയത്. ശക്തമായ തെളിവുകളുടെ അഭാവത്തിലും കടുത്ത വകുപ്പുകള്‍ ചുമത്തി റിയയെ ബൈക്കുള സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നടപടിക്കുള്ള കടുത്ത തിരിച്ചടിയായി കോടതിയുടെ തീരുമാനം.