ബെംഗളൂരു നഗരത്തിലെ ദാസറഹള്ളി സോണിലെ രോഗികളാണ് കാണാതായവരില്‍ കൂടുതലും. ഭൂരിഭാഗം പേരും ഫോൺ ഓഫാക്കി നാടുവിട്ടെന്നാണ് സൂചനയെന്നും ഇവരെ ഉടനടി കണ്ടെത്താന്‍ പൊലീസിനോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ബെംഗളൂരു: കർണാടകത്തില്‍ കൊവിഡ് പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുന്നതിനിടെ ബെംഗളൂരുവില്‍ ആയിരക്കണക്കിന് കൊവിഡ് രോഗികളെ കാണാനില്ലെന്ന് റവന്യൂ മന്ത്രി. രോഗം സ്ഥിരീകരിച്ച മൂവായിരം രോഗികളെകുറിച്ച് ഒരു വിവരവുമില്ലെന്ന് മന്ത്രി ആർ അശോക പറഞ്ഞു. ഇവർ ഫോൺ സ്വിച്ചോഫാക്കി നാടുവിട്ടെന്നാണ് നിഗമനം.

രണ്ടാംഘട്ടത്തില്‍ കൊവിഡ് പ്രതിദിന വ്യാപനം നാല്‍പതിനായിരത്തിലേക്കെത്തിയ കർണാടകത്തില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതിനിടെയാണ് ആശങ്കയേറ്റി രോബാധിതരായ മൂവായിരത്തോളം പേരെ കാണാനില്ലെന്നാണ് റവന്യൂ മന്ത്രി വെളിപ്പെടുത്തിയത്. ബെംഗളൂരു നഗരത്തിലെ ദാസറഹള്ളി സോണിലെ രോഗികളാണ് കാണാതായവരില്‍ കൂടുതലും. ഭൂരിഭാഗം പേരും ഫോൺ ഓഫാക്കി നാടുവിട്ടെന്നാണ് സൂചനയെന്നും ഇവരെ ഉടനടി കണ്ടെത്താന്‍ പൊലീസിനോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിക്കുന്നവർ ഹെല്‍പ്ലൈനുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. 

അതേസമയം ബെംഗളൂരുവിലെ ശ്മശാനങ്ങളിലെ പ്രതിസന്ധി തുടരുകയാണ്. എല്ലായിടത്തും മൃതദേഹങ്ങളുമായെത്തുന്ന ആംബുലന്‍സുകളുടെ നീണ്ടനിരയാണ്. തുടർന്ന് നഗരത്തില്‍ 230 ഏക്കർ സ്ഥലംകൂടി ഏറ്റെടുത്ത് താല്‍കാലിക ശ്മശാനമാക്കാന്‍ സർക്കാർ ഉത്തരവിറക്കി. ഇന്നലെ മാത്രം 229 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona