ബസ് ഓടിക്കവെ ഡ്രൈവര്‍ക്ക് അപസ്മാരം, ആക്സിലേറ്ററില്‍ കാല്‍ അമര്‍ന്നു. നിരവധി വാഹനങ്ങളില്‍ ഇടിച്ചുകയറി. ഓട്ടോ ഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരിക്കും പരിക്ക്. 

ബെംഗളൂരു: മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസ് ഓടിക്കവെ ഡ്രൈവര്‍ക്ക് അപസ്മാരം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഒമ്പത് വാഹനങ്ങളില്‍ ഇടിച്ചുകയറി. മൂന്ന് ഓട്ടോറിക്ഷകൾ, മൂന്ന് കാറുകൾ, നിരവധി ഇരുചക്ര വാഹനങ്ങൾ എന്നിവയുൾപ്പെടെ വാഹനങ്ങളിലാണ് ബസ് ഇടിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം. അപസ്മാരം അനുഭവപ്പെട്ടപ്പോള്‍ ഡ്രൈവര്‍ അറിയാതെ ആക്സിലറേറ്റർ അമർത്തിയതോടെയാണ് നിയന്ത്രണം വിട്ട് ബസ് മുന്നോട്ട് കുതിച്ചത്. 

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബനശങ്കരിയിലേയ്ക്ക് പോകുകയായിരുന്നു. 35 വയസ്സുള്ള ഡ്രൈവർ ലോകേഷ് കുമാറാണ് വാഹനം ഓടിച്ചത്. അപകടസമയത്ത് 15 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് ഡ്രൈവർക്ക് അപസ്മാരമിളകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാന്‍ കണ്ടക്ടർ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും എസ്‌യുവിയിലെ സ്ത്രീ യാത്രക്കാരിക്കും പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Scroll to load tweet…