Asianet News MalayalamAsianet News Malayalam

ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷണം കേരളത്തിലേക്കും; എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കും

അനൂപിനെയും റിജേഷിനെയും കൂടാതെ സിസിബിയുടെ പിടിയിലായ മലയാളി നിയാസ് മുഹമ്മദും പ്രതീക് ഷെട്ടിയും കേരളത്തിൽ നിന്നടക്കം മയക്കുമരുന്നെത്തിച്ച് നഗരത്തില്‍ വിതരണം ചെയ്തെന്ന് കണ്ടെത്തിയിരുന്നു

Bengaluru drug case inquiry to Kerala Enforcement to register FiR
Author
Bengaluru, First Published Sep 12, 2020, 6:38 PM IST

ബെംഗളൂരു: രാജ്യത്ത് വൻ വിവാദമായ ബെംഗളൂരു മയക്കുമരുന്ന് കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റും അന്വേഷിക്കും. കേസിലെ പ്രതികളായ സിനിമാ മേഖലയിലുള്ളവരുടെയും വ്യവസായികളുടെയും കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ബെംഗളൂരു ഇഡിയുടെ തീരുമാനം. അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ എന്‍സിബിയും തീരുമാനിച്ചു. ലഹരികടത്തുസംഘത്തിലെ കണ്ണിയായ വൈഭവ് ജെയ്നിനെ ഇന്ന് സിസിബി അറസ്റ്റ് ചെയ്തു.

ദക്ഷിണേന്ത്യയിലെ മുന്‍നിര നടിമാരെ കൂടാതെ വ്യവസായികളും സിനിമാ നിർമാതാക്കളും ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. കേസിലെ പ്രതികളില്‍ ചിലർ കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചെന്നാണ് ഇഡിയുടെ പരിശോധനയില്‍ വ്യക്തമായത്. ഈ സാഹചര്യത്തില്‍ ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം. ഉടന്‍ എഫ്ഐആർ രജിസ്റ്റ‍ർ ചെയ്യും. പ്രതികളെയും പ്രതികളുമായി സംശയകരമായ സാമ്പത്തിക ഇടപാടുകൾ നടത്തിയവരെയും ചോദ്യം ചെയ്യും. ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കും കടക്കും. 

അതേസമയം അനൂപിനെയും റിജേഷിനെയും കൂടാതെ സിസിബിയുടെ പിടിയിലായ മലയാളി നിയാസ് മുഹമ്മദും പ്രതീക് ഷെട്ടിയും കേരളത്തിൽ നിന്നടക്കം മയക്കുമരുന്നെത്തിച്ച് നഗരത്തില്‍ വിതരണം ചെയ്തെന്ന് കണ്ടെത്തിയിരുന്നു. കേരളത്തില്‍ ഡ്രഗ് പാർട്ടികളും ഇവർ നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എന്‍സിബിയുടെ തീരുമാനം. അറസ്റ്റിലായ പ്രതികളുടെ കേരള ബന്ധങ്ങൾ എന്‍സിബി കൊച്ചി യൂണിറ്റ് നേരത്തെ ശേഖരിച്ചിരുന്നു.  സിസിബി രജിസ്റ്റർ ചെയ്ത കേസിലെ വിവരങ്ങളും എന്‍സിബിക്ക് കൈമാറും.

കേസിലെ രണ്ടും മൂന്നും പ്രതികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് എന്‍സിബി കോടതിയില്‍ എതിർ സത്യവാങ്മൂലം നല്‍കി. ഇരുവരും ബെംഗളൂരു നഗരത്തിലെ പ്രധാന ലഹരികടത്തുകാരാണെന്നും, ചെറുപ്പക്കാരെ ലഹരിക്ക് അടിമകളാക്കികൊണ്ടുള്ള പ്രതികളുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്‍റെ വികസനത്തെ ബാധിക്കുന്നതാണെന്നും എന്‍സിബി കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും.

Follow Us:
Download App:
  • android
  • ios